ബി.ജെ.പി സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി; ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയത് രണ്ടു സീറ്റുകള്‍
Election Results 2018
ബി.ജെ.പി സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി; ആദ്യ തെരഞ്ഞെടുപ്പില്‍ നേടിയത് രണ്ടു സീറ്റുകള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 7:22 pm

ജയ്പൂര്‍: മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ രണ്ടു സീറ്റുകളില്‍ വിജയം കൊയ്ത് രാജസ്ഥാനിലെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി. മത്സരിച്ച 11 സീറ്റുകളില്‍ രണ്ടു സീറ്റുകളില്‍ മികച്ച വിജയമാണ് ബി.ടി.പി കാഴ്ച വെച്ചത്. മറ്റു രണ്ടു സീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.

2017ല്‍ ജനതാ ദള്‍(യുണൈറ്റഡ്) ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുന്‍ ഗുജറാത്ത് എം.എല്‍.എ ചോട്ടു ഭായ് വാസവയാണ് ബി.ടി.പിയുടെ സ്ഥാപകന്‍.

Also Read 2013 ല്‍ നോട്ടയ്ക്കും പിറകില്‍, 2018 ല്‍ 23000 ത്തിലേറെ ഭൂരിപക്ഷത്തിന് ജയം; രാജസ്ഥാനില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം

ബി.ടി.പി സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ റോട്ട് ചോറാസി സീറ്റില്‍ 12,934 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിലവിലെ ബി.ജെ.പി എം.എല്‍.എ സുശില്‍ കട്ടാരെയാണ് രാജ്കുമാര്‍ ചോറാസിയില്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ തന്നെ ശങ്കര്‍ലാലിനെ 4,582 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബി.ടി.പി സഗ്‌വാര സീറ്റ് പിടിച്ചെടുത്തത്.

അസ്പൂരില്‍ രണ്ടാം സ്ഥാനത്തും, ദുംഗര്‍പുരില്‍ മൂന്നാം സ്ഥാനത്തും എത്തി പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ബി.ടി.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഭില്‍ പ്രദേശ് വിദ്യാര്‍ത്ഥി മോര്‍ച്ചയ്ക്ക് ദുംഗര്‍പുരിലും മറ്റും ശക്തമായ സാന്നിധ്യമാണുള്ളത്.

Also Read ശക്തികാന്ത ദാസിനെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിച്ചു

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളും വിജയിച്ചിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളായ ഗിര്‍ധാരി മാഹിയയും ബല്‍വാന്‍ പൂനിയയുമാണ് ജയിച്ചത്. രാജ്യത്തെ ഇളക്കി മറിച്ച കര്‍ഷക റാലികള്‍, ആദിവാസി വോട്ടുകള്‍ കേന്ദ്രീകരിക്കുന്നതില്‍ പ്രധാന ഘടകമായി എന്നാണ് വിലയിരുത്തല്‍.

വസുന്ധര രാജെ നയിച്ച ബി.ജെ.പി സര്‍ക്കാരിനെതിരെ കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ സി.പി.ഐ.എന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രക്ഷോഭങ്ങള്‍.

ചിത്രത്തില്‍: ബി.ടി.പി സ്ഥാപകന്‍ ചോട്ടു ഭായ് വാസവ