റിയല്‍ 'ഗോട്ട്' ആര്; വമ്പന്‍ തെരഞ്ഞെടുപ്പുമായി ബ്രസീലിയന്‍ ഇതിഹാസം
Football
റിയല്‍ 'ഗോട്ട്' ആര്; വമ്പന്‍ തെരഞ്ഞെടുപ്പുമായി ബ്രസീലിയന്‍ ഇതിഹാസം
ശ്രീരാഗ് പാറക്കല്‍
Saturday, 15th August 2026, 8:46 pm

ഫുട്‌ബോള്‍ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി ആധിപത്യം തുടരുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരില്‍ ആരാണ് എക്കാലത്തെയും മികച്ച താരമെന്ന ചര്‍ച്ചയും ഇന്നും സജീവമാണ്.

ഇരുവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബ്രസീലിയന്‍ ഇതിഹാസം കക്ക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. മെസിക്കാണ് മുന്‍തൂക്കം നല്‍കിയത്. റൊണാള്‍ഡോക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസിയെയാണ് കക്ക മികച്ച താരമായി തെരഞ്ഞെടുത്തത്. പ്രതിഭയും ശുദ്ധമായ കഴിവുമുള്ള താരമെന്നായിരുന്നു കക്ക മെസിയെ വിശേഷിപ്പിച്ചത്. ഫിഫയുടെ ഇന്‍സ്റ്റഗ്രാം തത്സമയ പരിപാടിയിലായിരുന്നു കക്കയുടെ പ്രതികരണം.

kaka

‘ഞാന്‍ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചിട്ടുണ്ട്. അദ്ദേഹം ശരിക്കും അതിശയിപ്പിക്കുന്ന താരമാണ്. എന്നാല്‍ ഞാന്‍ മെസിയെ തെരഞ്ഞെടുക്കും. മെസി ഒരു പ്രതിഭയാണ്, ശുദ്ധമായ കഴിവാണ്. അദ്ദേഹം കളിക്കുന്ന രീതി അവിശ്വസനീയമാണ്,’ കക്ക പറഞ്ഞു.

അതേസമയം റൊണാള്‍ഡോയെയും കക്ക ഏറെ പ്രശംസിച്ചു. ശക്തിയും വേഗതയും മാത്രമല്ല, മാനസികമായ കരുത്തിലും റൊണാള്‍ഡോ മുന്നിലാണെന്ന് കക്ക പറഞ്ഞു. എല്ലായ്‌പ്പോഴും വിജയിക്കാനും മികച്ച താരമാകാനുമാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസിയും റൊണാള്‍ഡോയും കായികചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്നും ഇരുവരുടെയും കളി നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും കക്ക കൂട്ടിച്ചേര്‍ത്തു.

റയല്‍ മാഡ്രിഡില്‍ 2009 മുതല്‍ 2013 വരെയാണ് കക്കയും റൊണാള്‍ഡോയും ഒരുമിച്ച് കളിച്ചത്. അതിന് മുമ്പ് കക്ക 2007ല്‍ ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. മെസിയുടെയും റൊണാള്‍ഡോയുടെയും ദീര്‍ഘകാല ആധിപത്യത്തിന് മുമ്പ് ഈ പുരസ്‌കാരം നേടിയ അവസാന താരവും കക്കയായിരുന്നു.

Content Highlight: Brazilian legend Kaka speaks about Messi and Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ