ലയണൽ മെസി, ഡീഗോ മറഡോണ എന്നിവർ അർജന്റീന ഫുട്ബോളിന് മികച്ച സംഭാവനകൾ നൽകിയ താരങ്ങളാണ്. ഇരുവരിലും ഏറ്റവും മികച്ച താരമാരാണെന്ന് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴുള്ള മുൻ അർജന്റൈൻ താരം റെയ്നാൽഡോ മെർലോയുടെ പ്രതികരണമാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മെസ്സിയെയും മറഡോണയെയും മറികടന്നുകൊണ്ട് മറ്റൊരു താരത്തെയായിരുന്നു റെയ്നാൽഡോ തെരഞ്ഞെടുത്തത്. ബ്രസീലിയൻ ഇതിഹാസം പെലെയായിരുന്നു മുൻ അർജന്റൈൻ താരം മികച്ച താരമായി കണക്കാക്കിയത്. റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിലായിരുന്നു മെർലോ ഇക്കാര്യം പറഞ്ഞരുന്നത്.
‘മെസിയും മറഡോണയും രണ്ട് പ്രതിഭാസങ്ങളാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച താരം പെലെയാണ്,’ റെയ്‌നാൽഡോ പറഞ്ഞു.

പെലെ.
16ാം വയസിൽ ബ്രസീലിയൻ ടീമിൽ അരങ്ങേറിയ പെലെ ഐതിഹാസിക നേട്ടങ്ങളാണ് തന്റെ കരിയറിൽ നേടിയെടുത്തിട്ടുള്ളത്. ബ്രസീലിനൊപ്പം മൂന്ന് ലോകകപ്പുകളാണ് പെലെ സ്വന്തമാക്കിയിട്ടുള്ളത്. 1958, 1962, 1970 എന്നീ വർഷങ്ങളിൽ നടന്ന ലോകകപ്പുകളാണ് പെലെ ബ്രസീലിനൊപ്പം നേടിയത്. ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ 92 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ പെലെ 71 തവണയാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്.
അതേസമയം മറഡോണയും ഫുട്ബോളിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ്. ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുടെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മറഡോണ. 257 ഗോളുകളാണ് ഇറ്റാലിയൻ വമ്പന്മാർക്ക് വേണ്ടി മറഡോണ അടിച്ചുകൂട്ടിയത്.

1987-88 സിരി എ സീസണിൽ നാപ്പോളിക്ക് വേണ്ടി 15 ഗോളുകൾ നേടിക്കൊണ്ട് ടോപ് സ്‌കോററാവാനും മറഡോണക്ക് സാധിച്ചിട്ടുണ്ട്. നാപ്പോളിക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങൾ, കോപ്പ ഇറ്റാലിയ, യുവേഫ കപ്പ്, സൂപ്പർകോപ്പ ഇറ്റാലിയ എന്ന കിരീടങ്ങളും മറഡോണ നേടിയിട്ടുണ്ട്.
രാജ്യാന്തരതലത്തിൽ അർജന്റീനക്കായി 91 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മറഡോണ 34 ഗോളുകളാണ് നേടിയിട്ടുള്ളത്. 1986ലെ മെക്സിക്കൻ ലോകകപ്പിൽ അർജന്റീനയും വിജയത്തിൽ എത്തിക്കാനും മറഡോണയ്ക്ക് സാധിച്ചിരുന്നു. ആ ടൂർണമെന്റിലെ ഗോൾഡൻ ബോൾ അവാർഡ് നേടിയത് മറഡോണ ആയിരുന്നു.
മെസിയും ഫുട്‌ബോളിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ്. ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും മെസി അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവസാനമായി മെസി ഒക്ടോബർ ആറിന് അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടും.

രാജ്യാന്തരതലത്തിൽ അർജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകൾ നൽകാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അർജന്റീനക്കായി 125 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ കിരീട നേട്ടങ്ങളിൽ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനൽസീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളിൽ അർജന്റീന മെസിയുടെ നേതൃത്വത്തിൽ നേടിയത്. 2026 ലോകകപ്പിൽ അർജന്റീനക്കൊപ്പം ഫൈനൽ വരെ മുന്നേറാൻ മെസിക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ സ്പെയ്നിനോട് പരാജയപ്പെട്ട് അർജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
Content Highlight: Former Argentina player talks about Pele
