സ്വന്തം റെക്കോഡ് തിരുത്തി ലോക ചരിത്രത്തിലേക്ക് ഒരു ഗോള്‍ കൂടി ചേര്‍ക്കാം; നിര്‍ണായക മത്സരത്തിനൊരുങ്ങി കാനറിപ്പട!
Football
സ്വന്തം റെക്കോഡ് തിരുത്തി ലോക ചരിത്രത്തിലേക്ക് ഒരു ഗോള്‍ കൂടി ചേര്‍ക്കാം; നിര്‍ണായക മത്സരത്തിനൊരുങ്ങി കാനറിപ്പട!
ശ്രീരാഗ് പാറക്കല്‍
Friday, 19th June 2026, 8:03 pm

2026 ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 6.00 മണിക്കാണ് മത്സരം. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തില്‍ ജയം മാത്രമാവും ബ്രസീല്‍ ലക്ഷ്യം വെക്കുക.

മത്സരത്തിനിറങ്ങുമ്പോള്‍ കാനറിപ്പട ലക്ഷ്യംവെക്കുന്നത് ഒരു കിടിലന്‍ നേട്ടവും കൂടിയാണ്. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ടീം എന്ന സ്വന്തം റെക്കോഡ് തിരുത്തിയെഴുതാനാണ് ബ്രസീലിനുള്ള അവസരം. നിലവില്‍ ലോകകപ്പില്‍ 76 വിജയങ്ങളാണ് ബ്രസീലിന്റെ പക്കലുള്ളത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ജര്‍മനിയാണ്.

ബ്രസീല്‍

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ടീം

ബ്രസീല്‍ – 76 വിജയങ്ങള്‍

ജര്‍മനി – 68 വിജയങ്ങള്‍

അര്‍ജന്റീന – 47 വിജയങ്ങള്‍

ഇറ്റലി – 45 വിജയങ്ങള്‍

ഫ്രാന്‍സ് – 39 വിജയങ്ങള്‍

ജൂണ്‍ 14ന് മൊറോക്കോയോടായിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ 1-1ന് സമനില നേടിയാണ് ബ്രസീല്‍ ലോകകപ്പിന് തുടക്കം കുറിച്ചത്.

മറുഭാഗത്ത് ബ്രസീലിന്റെ രണ്ടാമത്തെ എതിരാളിയായ ഹെയ്തി നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ ലോകകപ്പ് കളിക്കാനെത്തുന്നത്. 1974ലായിരുന്നു ഹെയ്തി അവസാനമായി ലോകകപ്പ് കളിച്ചിരുന്നത്. സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെട്ടാണ് ഹെയ്തി ബ്രസീലിനെതിരെ കളത്തിലിറങ്ങുന്നത്.

ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഹെയ്തിക്കും വിജയം അനിവാര്യമാണ്. ഫ്രഞ്ച് പരിശീലകന്‍ സെബാസ്റ്റ്യന്‍ മീനിയുടെ കീഴില്‍ ഹെയ്തി ബ്രസീലിനെതിരായ മത്സരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Brazil Need One Win To Achieve Great Record In FIFA World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ