ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭ്രമയുഗം. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഭൂതകാലത്തിനെപ്പോലെ ഹൊറര്‍ ഴോണറിലാണ് ഭ്രമയുഗവും ഒരുങ്ങുന്നത്.

ഇപ്പോഴിതാ സിനിമയില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. മുഖത്ത് നിഗൂഢ ഭാവങ്ങളുമായാണ് മമ്മൂട്ടിയുള്ളത്. നായകനാണോ വില്ലനാണോ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമെന്ന ചര്‍ച്ചയിലാണ് ആരാധകര്‍. സിനിമയുടെ ട്രെയ്‌ലറിലും വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന സൂചനകള്‍ ഉണ്ട്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ക്രിസ്‌റ്റോ സേവിയര്‍ സംഗീതസംവിധാനവും ഷംനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ സംഭാഷണങ്ങള്‍ എഴുതുന്നുവെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Bramayugam new stills out