padmanabha-temple-tvm
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അഞ്ച് പൈപ്പ് ബോംബുകള്‍ കണ്ടെത്തി. കുളം വറ്റിക്കുന്നതിനിടെ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ശ്രീപാദം കൊട്ടാരത്തിനുള്ളിലെ കുളം വൃത്തിയാക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ബോംബുകള്‍ ലഭിച്ചത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫീസിന് സമീപത്തായാണ് കുളം സ്ഥിതി ചെയ്യുന്നത്. പോലീസും ബോംബ് സക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പഴക്കംചെന്ന പൈപ്പ് ബോംബുകളാണ് ഇതെന്നു കമ്മീഷണര്‍ എച്ച്. വെങ്കടേഷ് അറിയിച്ചു. തുരുമ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.

ക്ഷേത്ര പരിസരത്ത് കഴിഞ്ഞ ദിവസം ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. പൈതൃക മ്യൂസിയം ആക്കി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കുളം വൃത്തിയാക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നത്.