ന്യൂദല്‍ഹി: 2014 ല്‍ ബി.ജെ.പിയ്ക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റ് മാത്രമേ ഇത്തവണ യു.പിയിലും മഹാരാഷ്ട്രയിലും ലഭിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ.
എസ്.പി ബി.എസ്.പി ആര്‍.എല്‍.ഡി കൂട്ടുകെട്ട് വന്നതോടെ 15 സീറ്റ് വരെ യു.പിയില്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്നാണ് അത്തേവാല പറഞ്ഞത്. 2014ല്‍ 80 ല്‍ 73 സീറ്റും ബി.ജെ.പി-അപ്‌നാ ദള്‍ സഖ്യത്തിന് ലഭിച്ചിരുന്നു. അന്ന് എസ്.പി ബി.എസ്.പി സഖ്യം ഉണ്ടായിരുന്നില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് സീറ്റെങ്കിലും ഇത്തവണ ബി.ജെ.പിക്ക് നഷ്ടമാകും. 2014 ല്‍ ബി.ജെ.പി- ശിവസേന സഖ്യം 48ല്‍ 42 സീറ്റിലും വിജയിച്ചിരുന്നു. 2014 ല്‍ സ്വാഭിമാനി സേത്കരി പാര്‍ട്ടി ബി.ജെ.പിക്കും ശിവസേനയ്ക്കും ഒപ്പം നിന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തിനൊപ്പമാണ് അവര്‍. എന്നാല്‍ പശ്ചിമബംഗാളിലും ഒഡീഷയിലും വിജയം നേടി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്’- അത്താവലെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയില്‍ എത്ര സീറ്റില്‍ വിജയിക്കാനാവുമെന്ന യാതൊരു പ്രവചനവും ഇതുവരെ ശിവസേന നടത്തിയിട്ടില്ല.
എന്നാല്‍ അത്തേവാലയുടെ പ്രസ്താവനയെ എതിര്‍ത്ത് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് കേശവ് ഉപാധ്യായ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നേരത്തെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ രാം മാധവും ബി.ജെ.പിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
2014 ല്‍ തങ്ങളെ പിന്തുണച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ തിരിച്ചടിയുണ്ടാകുമെന്നും എന്നാല്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു രാം മാധവ് ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഒറ്റക്ക് 271 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ വളരെ സന്തോഷം. എന്നാല്‍, ഇത്തവണ ആ സാഹചര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാവും. പശ്ചിമ ബംഗാള്‍, ഒഡിഷ, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
