നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനൊരുങ്ങി ബി.ജെ.പി. സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുക. നിലവില്‍ ഡിസംബര്‍ നാല് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

കെ. സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തില്‍ വഴി തടയല്‍ പ്രക്ഷോഭവും ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വഴി തടഞ്ഞാണ് പ്രതിഷേധം നടത്തുക. ഇതിന്റെ ഭാഗമായി ഇന്ന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.


കെ. സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനമാണിതെന്നും ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ വഴി തടയല്‍ സമരം.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളജിലേക്ക് മാര്‍ച്ചും ബി.ജെ.പി നടത്തും.

നേരത്തെ, ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബി.ജെ.പി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ, സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.


ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലടക്കം സ്വാധീനമുണ്ടാകുന്ന തരത്തില്‍ സമരം ശക്തമാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും കെ.സുരേന്ദ്രന്റെ അറസ്റ്റോടെ സമരം തണുത്തുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.