ഒഡീഷയില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്ത് ബി.ജെ.പി എം.എല്‍.എ; പരിഭ്രാന്തരായി ജനക്കൂട്ടം; വ്യാപക അക്രമങ്ങള്‍
India
ഒഡീഷയില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്ത് ബി.ജെ.പി എം.എല്‍.എ; പരിഭ്രാന്തരായി ജനക്കൂട്ടം; വ്യാപക അക്രമങ്ങള്‍
അനിത സി
Saturday, 28th March 2026, 10:27 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ നടന്നരാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ ബി.ജെ.പി എം.എല്‍.എ വെടിയുതിര്‍ത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ പരിഭ്രാന്തി പടര്‍ത്തി. ടിറ്റ്‌ലഗഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ നബിന്‍ കുമാര്‍ ജെയ്‌നാണ് സ്വന്തം നാട്ടില്‍ ജനങ്ങള്‍ തിങ്ങി നില്‍ക്കുന്ന സ്ഥലത്ത് വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തത്.

നടന്നത് മാരകമായ വെടിവെപ്പല്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഒരു ജനപ്രതിനിധി ഇത്തരത്തില്‍ പെരുമാറിയത് സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിലെ വീഴ്ചയും തോക്കിന്റെ ഉപയോഗത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.

എം.എല്‍.എയുടെ പ്രവര്‍ത്തിക്കെതിരെ ഇതുവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിട്ടില്ല.

ഒഡീഷയില്‍ ശനിയാഴ്ച വ്യാപകമായി രാമനവമി ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രകള്‍, ബൈക്ക് റാലികള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

തലസ്ഥാനമായ ഭുവനേശ്വറിലടക്കം ഘോഷയാത്രയ്ക്കിടെ നിരവധി അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെപ്പ്, ഗുണ്ടാ ആക്രമണം, ഗതാഗത നിയമലംഘനങ്ങള്‍ തുടങ്ങി നിരവധി പരാതികള്‍ ഘോഷയാത്രയ്ക്കിടെ ഉയര്‍ന്നു.

സംസ്ഥാന ഭരണകൂടം ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ആഘോഷങ്ങള്‍ ക്രമീകൃതമാണെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ശബ്ദമലിനീകരണവും മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന യുവാക്കളുടെ ബൈക്ക് അഭ്യാസവും പൊതുജാഥകളെ അപകടകരമാക്കി മാറ്റുകയായിരുന്നു.

ഇതിനിടെയാണ് ജനങ്ങള്‍ക്ക് മാതൃകയാകേണ്ട എം.എല്‍.എ തന്നെ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്ത് നിരുത്തരവാദപരമായി പെരുമാറിയതെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരിക്കുന്നത്. അധികൃതര്‍ ഈ സംഭവങ്ങള്‍ അവലോകനം ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു.

പശ്ചിമ ബംഗാളിലും ബി.ജെ.പി സംഘടിപ്പിച്ച രാമനവമി ആഘോഷങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.

Content Highlight: BJP MLA opens fire during Ram Navami celebrations in Odisha; crowd panics

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.