ബെംഗളൂരു: ചിക്കമംഗലൂര്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് അന്‍വറിനെ അജ്ഞാതസംഘം കുത്തിക്കൊന്നു. ഇന്നലെ അര്‍ധരാത്രി ഗൗരി കുലുവെ മേഖലയിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ടംഗ സംഘം അന്‍വറിനെ ആക്രമിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

അതേസമയം മൗലികവാദികളാണ് അന്‍വറിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി എം.പി ശോഭ കരന്ത്‌ലജെ പറഞ്ഞു.


“ചില മൗലികവാദികളായ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നില്‍. ഇദ്ദേഹത്തിന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. കുറ്റക്കാര്‍ ആരായിരുന്നാലും ഉടന്‍ തന്നെ അവരെ അറസ്റ്റ് ചെയ്‌തേ തീരൂ. അങ്ങേയറ്റം ഖേദകരമാണ് ഈ വാര്‍ത്ത”- ശോഭ കരന്ത്‌ലജെ പ്രതികരിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാലോളം പേര്‍ നേരിട്ടുപങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

അന്‍വറിന് ചില ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിവുണ്ട്. ഇതില്‍ മൗലികവാദികള്‍ക്ക് പങ്കുള്ളതായി നിലവില്‍ തെളിവൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.