കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിലെ അഭിനേതാക്കള്‍ക്കിടയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച അഭിനേതാവാണ് ബിജുക്കുട്ടന്‍. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ താരം കരിയറിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യവേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടതെങ്കിലും പിന്നീട് ട്രാക്ക് മാറ്റി സീരിയസ് വേഷങ്ങളും അവതരിപ്പിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രമായിരുന്നു സവിന്‍ സാ സംവിധാനം ചെയ്ത് ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2. ഹാഷിര്‍, അലന്‍, അജിന്‍, വിനായക് തുടങ്ങി ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ വിനായകിന്റെ അച്ഛന്‍ കഥാപാത്രമായിട്ടായിരുന്നു ബിജുക്കുട്ടന്‍ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ഇമോഷണല്‍ സീനുകളും വര്‍ക്കാക്കുന്നതില്‍ ബിജുക്കുട്ടന്റെ പ്രകടനം നിര്‍ണായ പങ്ക് വഹിച്ചിരുന്നു.
അടുത്തിടെ ദി ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തനിക്ക് സിനിമയില്‍ നിന്നുണ്ടായ നേട്ടങ്ങളെ കുറിച്ച് ബിജുക്കുട്ടന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പര്‍താരം മമ്മൂട്ടിയുടെ സിനിമയായ പോത്തന്‍വാവയില്‍ വിളിച്ചതില്‍ പിന്നെ തനിക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് താരം.
‘മമ്മൂക്ക എന്നെ ആ ചിത്രത്തിലേക്ക് വിളിച്ചതിന് ശേഷം ഇന്നുവരെ എനിക്കൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്റെ കുടുംബത്തെ നല്ല രീതിയിലാണ് ഞാന്‍ നോക്കുന്നത്. എനിക്കിപ്പോള്‍ സ്വന്തമായി വീടും കാറുമുണ്ട്. മാതാപിതാക്കളെ നന്നായി നോക്കാന്‍ സാധിച്ചതെല്ലാം സിനിമ കൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാന്‍ ഇനി വിഷമിക്കേണ്ട ആവശ്യമില്ല. ഇനി വിഷമിച്ചാല്‍ ദൈവവും മമ്മൂക്കയും സഹിക്കില്ല.
പലരും മനസിലാക്കാത്ത കാര്യമെന്താണെന്ന് വെച്ചാല്‍ നമ്മള്‍ ആവര്‍ത്തന വിരസത കാണിക്കുമ്പോഴാണ് സിനിമയില്‍ നിന്നും പുറത്താകുന്നത്. തുടര്‍ച്ചയായി വര്‍ഷങ്ങളോളം ഒരു ടൈപ്പ് കഥാപാത്രങ്ങള്‍ തന്നെ നമ്മള്‍ ചെയ്യുമ്പോള്‍ മാറിനില്‍ക്കേണ്ടി വരും. നമുക്ക് പകരം പുതിയ ആളുകള്‍ വരും എന്നുള്ള കാര്യം ഉറപ്പാണ്. എനിക്ക് നല്ല ഉറപ്പുള്ള കാര്യമായിരുന്നു അത്. നേരത്തേ ഛോട്ടാ മുംബൈ പോലുള്ള ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനിത് പറഞ്ഞതാണ്. എന്റെ ഭാഗ്യത്തിനാണ് ഞാന്‍ സിനിമയിലേക്കെത്തിയത്,’ ബിജുക്കുട്ടന്‍ പറഞ്ഞു.
Content Highlight: Bijukuttan talks about Mammootty and cinema as a profession
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.