1995ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും ദേശീയ ചലച്ചിത്ര പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി മലയാളത്തിലെ മുന്‍നിര നായകനടനായി മാറുകയും ചെയ്ത അഭിനേതാവാണ് ബിജു മേനോന്‍. മാന്നാര്‍ മത്തായി സ്പീക്കിങ്, അഴകിയ രാവണന്‍, മേഘമല്‍ഹാര്‍, ശിവം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കരിയറിലെ ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ട താരം കോമഡി റോളുകളിലേക്കും ട്രാക്ക് മാറ്റിയിരുന്നു.
താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. ചിത്രത്തില്‍ ബിജു മേനോന് പുറമെ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ഗ്രേസ് ആന്റണി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അവറാച്ചന്‍ ആന്‍ഡ് സണ്‍സുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ബിജു മേനോന്‍.

അവറാച്ചന്‍ ആന്‍ഡ് സണ്‍സ്. Photo: X.com
ബിജു മേനോന്‍, ജയറാം, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സുരേഷ് ഗോപി, അഭിരാമി തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ജയരാജായിരുന്നു. വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പല ഗാനങ്ങളും കേരളത്തില്‍ ട്രെന്‍ഡായി മാറിയിരുന്നു. ചിത്രത്തിലെ മഹാഗണപതേ എന്ന ഗാനരംഗം ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് ബിജു മേനോന്‍ അഭിമുഖത്തില്‍ സംസാരിച്ചത്.
‘ആല്‍ബം സോങ്‌സിനെ കുറിച്ച് ആളുകള്‍ക്ക് വലിയ പരിചയമില്ലാത്ത സമയത്താണ് അതിനെ ബേസ് ചെയ്ത് ഒരു സബ്‌ജെക്ട് വരുന്നത്. എനിക്കും ജയറാമിനും ഒരുപാട് ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങളുണ്ടായ സിനിമയാണ് അത്. അതിന്റെ ഷൂട്ടെല്ലാം രസകരമായിരുന്നു. പ്രോപ്പര്‍ പെര്‍മിഷന്‍ ഒന്നുമില്ലാതെ വളരെ ലിമിറ്റഡായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

മില്ലേനിയം സ്റ്റാര്‍സ്. Photo: IMDB
ജുഹു ബീച്ചില്‍ പോയിട്ട് ഞാനും ജയറാമേട്ടനും ഏതെങ്കിലും രണ്ട് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റുമായി ചെന്നിറങ്ങും. ഏതെങ്കിലും സ്‌കോര്‍പ്പിയോയിലോ സുമോയിലോ ക്യാമറ വെച്ചിട്ട് അവിടെ നിന്നൊരു തുണി വീശി കാണിക്കുമ്പോള്‍ ഞങ്ങള്‍ അഭിനയിക്കും. അന്ന് സോങ് പോലും റെക്കോര്‍ഡിങ്ങ് കഴിഞ്ഞിട്ടില്ല. ഇതായിരിക്കും എന്നൊരു ഐഡിയയില്‍ അവിടെ നിന്ന് എന്തെങ്കിലും ചെയ്യും. ആള്‍ക്കാര്‍ നോക്കുമ്പോള്‍ പെട്ടെന്ന് ബീച്ചില്‍ രണ്ട് പേര് വന്നിട്ട് ഗിറ്റാര്‍ വായിക്കുകയായിരിക്കും. അങ്ങനെ ചിരിക്കാനുള്ള ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്,’ താരം പറഞ്ഞു.
Content Highlight: Biju Menon talks about Millennium stars shooting experience
