വിരാട് കോഹ്ലിയുടെ അനുഭവസമ്പത്തും മത്സരത്തെ വായിച്ചെടുക്കാനുള്ള അസാധാരണ കഴിവും ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ബാറ്റര്‍മാരുടെ സാങ്കേതിക വശങ്ങള്‍ വരെ സൂക്ഷ്മമായി വിശകലനം ചെയ്ത് സഹതാരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന കോഹ്ലിയുടെ ഇടപെടലുകള്‍ പലപ്പോഴും മത്സരത്തില്‍ നിര്‍ണായകമായ മാറ്റമുണ്ടാക്കാറുണ്ടെന്നും ആര്‍.സി.ബി പോഡ്കാസ്റ്റില്‍ ഭുവനേശ്വര്‍ പറഞ്ഞു.
‘സാങ്കേതികപരമായ കാഴ്ചപ്പാടില്‍ ബാറ്റര്‍ എങ്ങനെ കളിക്കുന്നു, അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും എന്തൊക്കെയാണെന്ന് വിരാട് കോഹ്‌ലി വിശദമായി പറഞ്ഞുതരും. ആ നിര്‍ദേശങ്ങള്‍ കൃത്യമായി ഫലിക്കുകയും ചെയ്തു. അനുഭവസമ്പത്ത് ഒരു ടീമിന് എത്രമാത്രം ഗുണം ചെയ്യുമെന്നതിന്റെയും സൗഹൃദത്തിന്റെ മൂല്യം എന്താണെന്നതിന്റെയും മികച്ച ഉദാഹരണമാണത്,’ ആര്‍.സി.ബി പോഡ്കാസ്റ്റില്‍ ഭുവനേശ്വര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളില്‍ രണ്ടുപേരാണ് വിരാട് കോഹ്‌ലിയും ഭുവനേശ്വര്‍ കുമാറും. ദേശീയ ടീമിനായി വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച ഇരുവരും ഇപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാമ്പിലും തുടരുകയാണ്.
2012-ലാണ് ഇരുവരും ഇന്ത്യക്കായി ഒരുമിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം നിരവധി നിര്‍ണായക വിജയങ്ങളില്‍ ഇരുവരും ഇന്ത്യയുടെ വിജയശില്പികളായി. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും ഭുവിയുടെ ഡെത്ത് ഓവറുകളും സ്വിങ് ബൗളിങ്ങും ഇന്ത്യന്‍ ടീമിന്റെ പ്രധാന ശക്തികളിലൊന്നായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 21 ടെസ്റ്റ് മത്സരങ്ങളിലെ 37 ഇന്നിങ്സില്‍ നിന്ന് 63 വിക്കറ്റുകളാണ് ഭുവി നേടിയത്. ഏകദിനത്തില്‍ 120 ഇന്നിങ്സില്‍ നിന്ന് 141 വിക്കറ്റും താരം സ്വന്തമാക്കി. 86 ടി-20 ഇന്നിങ്സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022ന് ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.
2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്.
2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള താരത്തിന് ഇന്ത്യന്‍ ടീമില്‍ ഒരു അവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്ന് ആര്‍. അശ്വിനെ പോലെയുള്ള പല സീനിയര്‍ താരങ്ങളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Content Highlight: Bhuvaneshwar Kumar Talking About Virat Kohli