ടി-20യില്‍ പുത്തന്‍ നാഴികക്കല്ല് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. കുട്ടി ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ നേടിയാണ് ഭുവനേശ്വര്‍ ചരിത്രം സൃഷ്ടിച്ചത്. ഐ.പി.എല്ലില്‍ ഗുജറത്ത് ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭുവി ഈ നേട്ടത്തിലെത്തിയത്.
ടി-20യില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍. ആദ്യമായി ടി-20യില്‍ 350 വിക്കറ്റുകള്‍ നേടിയത് പഞ്ചാബ് കിങ്സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. എന്നാല്‍ ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസര്‍ ഭുവിയാണ്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍, വിക്കറ്റുകളുടെ എണ്ണം
യുസ്വേന്ദ്ര ചഹല്‍-391
ഭുവനേശ്വര്‍ കുമാര്‍-352
ജസ്പ്രീത് ബുംറ-347
പിയൂഷ് ചൗള-327
ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, ജോസ് ബട്‌ലര്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ഗുജറാത്ത് ബൗളിങ്ങില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോള്‍ ആര്‍.സി.ബി ബാറ്റിങ് നിര സമ്മര്‍ദത്തിലാവുകയായിരുന്നു. കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
മത്സരത്തില്‍ ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 40 റണ്‍സാണ് പടിക്കല്‍ നേടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്. വിരാട് കോഹ്ലി 13 പന്തില്‍ 28 റണ്‍സും നേടി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ 19 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 17 റണ്‍സും നേടി പൊരുതി.
Content Highlight: Bhubaneswar Kumar Complete 350 Wickets in T20 Cricket