എന്നെ ഇവളുടെ അടുത്ത് ഇരുത്തല്ലേ, എനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്ന് ആ നടന്‍ പരാതി പറഞ്ഞിട്ടുണ്ട്: ഭാവന
Indian Cinema
എന്നെ ഇവളുടെ അടുത്ത് ഇരുത്തല്ലേ, എനിക്ക് അഭിനയിക്കാന്‍ പറ്റില്ല എന്ന് ആ നടന്‍ പരാതി പറഞ്ഞിട്ടുണ്ട്: ഭാവന
അമര്‍നാഥ് എം.
Sunday, 12th July 2026, 6:07 pm

കമല്‍ മലയാളസിനിമക്ക് സമ്മാനിച്ച നടിമാരിലൊരാളാണ് ഭാവന. 15ാമത്തെ വയസില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ഭാവന കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വേഷങ്ങള്‍ ചെയ്ത് സിനിമാലോകത്ത് തന്റെ സ്ഥാനം അടയാളപ്പെടുത്തി. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലുമായി 80നടുത്ത് സിനിമകള്‍ ചെയ്ത ഭാവന തന്റെ സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ഒപ്പം അഭിനയിച്ച താരങ്ങളില്‍ രവി മോഹന്‍ (ജയം രവി)യുമൊത്തുള്ള ഷൂട്ട് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് ഭാവന പറയുന്നു. ദീപാവലി എന്ന സിനിമയിലാണ് തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചതെന്നും നല്ല കെമിസ്ട്രിയാണ് അദ്ദേഹവുമായെന്നും താരം പറഞ്ഞു.

ഭാവന Photo: Screen grab/ Framex Studios

തന്റെ സ്വഭാവത്തിന് നേരെ ഓപ്പോസിറ്റാണ് രവി മോഹനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഓരോ സീനിനെയും രവി സമീപിക്കുന്ന രീതിയും താന്‍ സമീപിക്കുന്ന രീതിയും വ്യത്യസ്തമാണെന്ന് സെറ്റില്‍ അത് പലപ്പോഴും ചര്‍ച്ചയാകാറുണ്ടെന്നും താരം പറഞ്ഞു. ഫ്രെയിം എക്‌സ് സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്.

‘രവിയുടെ സ്റ്റൈല്‍ എങ്ങനെയാണെന്ന് വെച്ചാല്‍ ഓരോ സീന്‍ ചെയ്യുമ്പോഴും അയാള്‍ വളരെ പ്രിപ്പയേര്‍ഡ് ആയി ഇരിക്കും. ഇപ്പോള്‍ ഇമോഷണല്‍ സീനാണെങ്കില്‍ രാവിലെ മുതല്‍ സീരിയസായിട്ട് ഇരിക്കുകയായിരിക്കും. എനിക്ക് അങ്ങനെ പ്രിപ്പറേഷന്‍സ് എടുക്കേണ്ടി വരാറില്ല. സോ, ഞാന്‍ എപ്പോഴും ജോളിയായിട്ട് നടക്കും. രവിയുടെ അടുത്ത് ചെന്ന് വല്ല കുസൃതി ചോദ്യമോ തമാശയോ പറഞ്ഞ് മൂഡ് മാറ്റാന്‍ നോക്കും.

ദീപാവലി Photo: Sun NXT

‘നീ കുറച്ച് നേരം മിണ്ടാതിരിക്കുമോ, എനിക്ക് ഇന്ന് സീരിയസ് സീന്‍ ഷൂട്ട് ചെയ്യാനുണ്ട്’ എന്ന് രവി പറയുമ്പോള്‍ ‘ആക്ഷന്‍ സീന്‍ ചെയ്യേണ്ട വരുമ്പോള്‍ രാവിലെ മുതല്‍ നീ ആളുകളെ തല്ലാനിറങ്ങുമോ’ എന്ന് തിരിച്ച് ചോദിക്കും. എന്റെ ശല്യം സഹിക്കാന്‍ പറ്റാതെ സംവിധായകനോട് ‘സാര്‍ ഇവളെ എന്റെയടുത്ത് നിന്ന് മാറ്റാമോ’ എന്നൊക്കെ രവി ചോദിക്കാറുണ്ട്,’ ഭാവന പറയുന്നു.

ഒരു കഥാപാത്രത്തെ വളരെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന നടനാണ് രവിയെന്നും അയാളുടെ രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും താരം പറഞ്ഞു. ഇതുപോലെ പല കോ ആര്‍ട്ടിസ്റ്റുകളുടെയും രീതി വ്യത്യസ്തമാണെന്നും അതെല്ലാം കണ്ട് മനസിലാക്കിയിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഷോട്ടിന് തൊട്ടുമുമ്പ് ആ കഥാപാത്രത്തിലേക്ക് ഇന്‍ ആകുന്നതാണ് തന്റെ രീതിയെന്നും താരം പറഞ്ഞു.

Content Highlight: Bhavana shares the shooting experience with Ravi Mohan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം