ആരെയും കരിവാരിത്തേക്കാനോ പക വീട്ടാനോ അല്ല, താന്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന് അനോമിയിലൂടെ പ്രഖ്യാപിക്കുന്ന ഭാവന
Malayalam Cinema
ആരെയും കരിവാരിത്തേക്കാനോ പക വീട്ടാനോ അല്ല, താന്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന് അനോമിയിലൂടെ പ്രഖ്യാപിക്കുന്ന ഭാവന
അമര്‍നാഥ് എം.
Monday, 9th February 2026, 4:10 pm

ജനപ്രീതി നഷ്ടപ്പെട്ട സ്വയം പ്രഖ്യാപിത ജനപ്രിയ നായകന്റെ പുതിയ ചിത്രം അടുത്തിടെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ താരത്തെയും കൂട്ടുപിടിച്ച് സ്വയം വെളുപ്പിക്കാനും സ്ഥിരം റേപ്പ് ജോക്കുകള്‍ തട്ടിവിടാനും ജന’അപ്രിയന്‍’ തന്റെ സിനിമയിലൂടെ ശ്രമിച്ചത് വിമര്‍ശനത്തിന് വിധേയമായിരുന്നു. ആ ചിത്രമിറങ്ങി രണ്ട് മാസം പിന്നിടുമ്പോള്‍ മറ്റൊരു മലയാളചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

മലയാളികളുടെ സ്വന്തം ഭാവന കേന്ദ്ര കഥാപാത്രമായെത്തിയ അനോമി: ദി ഇക്വേഷന്‍ ഓഫ് ഡെത്ത് കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. പേരിലെ പുതുമ മേക്കിങ്ങിലും കാണാന്‍ സാധിച്ച ചിത്രമാണ് അനോമി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ സഞ്ചരിക്കുന്ന അതേ വഴികളിലൂടെയാണ് അനോമിയും സഞ്ചരിക്കുന്നത്. എന്നാല്‍ അപാരമായ ടെക്‌നിക്കല്‍ ക്വാളിറ്റിയും അവസാന ഇരുപത് മിനിറ്റിലെ ട്രൂത്ത് റിവീലിങ്ങും അനോമിയെ വ്യത്യസ്തമാക്കുന്നുണ്ട്.

അനോമി Photo: Screen grab/ T Series Malayalam

 

സേറ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥയായാണ് ഭാവന അനോമിയില്‍ വേഷമിടുന്നത്. ഒരു ആക്‌സിഡന്റില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട, അതിന്റെ ട്രോമയിലായ സഹോദരനെ സംരക്ഷിക്കുന്ന കഥാപാത്രമാണ് സേറ. കഥയുടെ ഒരുഘട്ടത്തില്‍ സഹോദരന്റെ തിരോധനം അന്വേഷിച്ച് സേറ ഇറങ്ങുകയാണ്. എല്ലാം നഷ്ടപ്പെട്ടവളുടെ വേദന ഉള്ളിലുള്ളപ്പോഴും സത്യം അറിയാന്‍ ശ്രമിക്കുന്ന കഥാപാത്രത്തിന്റെ എല്ലാ ഇമോഷനും ഭാവനയില്‍ ഭദ്രമായിരുന്നു.

ഭാവന ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും അനോമിക്കുണ്ട്. ആദ്യ നിര്‍മാണ സംരംഭത്തില്‍ വേണമെങ്കില്‍ കഥയില്‍ തിരുത്തലുകള്‍ വരുത്താന്‍ ഭാവനക്ക് നിര്‍ദേശിക്കാമായിരുന്നു. എന്നാല്‍ അതൊന്നും ചെയ്യാതെ സിനിമക്ക് ആവശ്യമായി രീതിയില്‍ തന്റേതായ എല്ലാ കോണ്‍ട്രിബ്യൂഷനും ഭാവന അനോമിയില്‍ നല്‍കിയിട്ടുണ്ട്.

അനോമി Photo: Screen grab/ T Series Malayalam

രണ്ടാം പകുതിയില്‍ സ്‌ക്രീന്‍ ടൈം വളരെ കുറവായിരുന്നിട്ടും ഈ ചിത്രം അറിയപ്പെടുന്നത് ഭാവനയുടെ പേരില്‍ തന്നെയാണ്. സ്വന്തം പ്രൊഡക്ഷനിലൊരുങ്ങുന്ന സിനിമയില്‍ തന്നെ തകര്‍ത്തവരെ വിമര്‍ശിക്കുന്ന തരത്തില്‍ ഒരു ഡയലോഗ് പോലും ഭാവനയുടെയടുത്ത് നിന്ന് വന്നിട്ടില്ല എന്നത് അവരുടെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കാം.

സേറ എന്ന കഥാപാത്രത്തിന്റെ മീറ്റര്‍ ആദ്യ സീന്‍ മുതല്‍ ഭാവനയില്‍ ഭദ്രമായിരുന്നു. പലരും ചേര്‍ന്ന് മലയാളസിനിമയില്‍ നിന്ന് ഒതുക്കാന്‍ ശ്രമിച്ചിരുന്ന കാലത്ത് നിന്ന് ഇപ്പോള്‍ അനോമിയില്‍ കേന്ദ്ര കഥാപാത്രമായി ഭാവന ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുമ്പോള്‍ ഓരോ സിനിമാപ്രേമിയും കൈയടിച്ചുപോകും. ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ഒരു ഷോട്ട് സമ്മാനിച്ച രോമാഞ്ചം ചെറുതല്ല. മലയാളസിനിമയില്‍ ഇനിയങ്ങോട്ടും താനുണ്ടാകുമെന്ന് ഭാവന ഉറക്കെ പ്രഖ്യാപിക്കുകയാണ്.

Content Highlight: Bhavana’s performance in Anomie movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം