മലയാള സിനിമയിലെ പുതിയ റിലീസുകളിലൊന്നായി ശ്രദ്ധ പിടിച്ചുപറ്റുകയാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ട്രെയ്‌ലറിലെ പ്രധാന ആകർഷണം കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിൽ കുടുങ്ങുന്ന കുടുംബാംഗങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്ന നായകന്റെ തത്രപ്പാടുകളുമാണ്
ത്രില്ലറും കോമഡിയും സമന്വയിപ്പിച്ച രീതിയിലാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. എങ്കിലും, ചിത്രത്തിന്റെ പ്രധാന മുൻഗണന കോമഡിയ്ക്ക് തന്നെയാണെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
പ്രേക്ഷകരെ ഏറ്റവും ആവേശം കൊള്ളിച്ചത്ത് ട്രെയ്ലറിലെ കോമഡി രംഗങ്ങളാണ്. സുരാജ് വെഞ്ഞാറമൂടും വിനയ് ഫോർട്ടും ഉണ്ടാക്കിയ ഹാസ്യ മുഹൂർത്തങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.
ആദ്യ ഭാഗമായ ‘ഭരതനാട്യം’ അവസാനിച്ചിടത്ത് നിന്നാണ് കഥ തുടരുന്നത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു. അതിനൊപ്പം ഇത്തവണ കഥയിൽ കൂടുതൽ ത്രില്ലിങ് ഘടകങ്ങളും ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്
സൈജു കുറുപ്പ് നായകനാകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ 150-ാമത്തെ സിനിമയെന്ന പ്രത്യേകതയും കൈവരിക്കുന്നു. ജഗദീഷ്, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ബബ്ലു അജു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തത് ഇലക്രോണിക് കിളിയാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.