ജറുസലേം: ഇറാനെതിരെ കടുത്ത നിലപാടെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫ്രാന്‍സ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ വിമതസംഘത്തിനെതിരായ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ഇറാനില്‍ നിന്നുള്ള നയതന്ത്രജ്ഞനെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നാണ് ഇറാനെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി നെതന്യാഹു രംഗത്തെത്തിയിരിക്കുന്നത്.

വിമതസംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ഓഫ് ഇറാനിന്റെ മീറ്റിങ്ങില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിനാണ് ഇറാന്‍ നയതന്ത്രജ്ഞനടക്കം നാലു പേര്‍ അറസ്റ്റിലായിരിക്കുന്നത്.


Also Read: ജോസഫിന്റെ കൈവെട്ടിയ കേസ്; കോടതി വിധി പറഞ്ഞ ദിവസത്തെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു


“ഈ ആക്രമണപദ്ധതി മുടങ്ങിയത് യാദൃശ്ചികമായല്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണം. നിങ്ങളുടെ മണ്ണില്‍ നിന്നും നിങ്ങള്‍ക്കെതിരെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമ്പത്തിക സഹായം നല്‍കുന്നവരെ സഹായിക്കുന്നത് നിര്‍ത്തൂ. ഇറാനോടുള്ള പ്രീണനത്തിന്റെയും ബലഹീനതയുടെയും നയം മതിയാക്കൂ.” നെതന്യാഹു പറയുന്നു.

അമേരിക്ക ഉപേക്ഷിച്ച ആണവക്കരാറില്‍ നിന്നുള്ള സാമ്പത്തിക നേട്ടം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ഹസ്സന്‍ റൂഹാനി യൂറോപ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് ഫ്രാന്‍സില്‍ ആക്രമണത്തിനുള്ള പദ്ധതിയൊരുങ്ങിയത്. ഇറാന്റെ വിദ്വേഷത്തിന്റെയും ഇരട്ടത്താപ്പിന്റെയും വെളിപ്പെടുത്തലാണിതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.


Also Read: സുനന്ദ പുഷകറിന്റെ മരണം: തരൂരിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു


എന്നാല്‍ ആക്രമണ പദ്ധതിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ട്. കൗണ്‍സിലിനകത്തു നിന്നുള്ളവര്‍ തന്നെ ആസൂത്രണം ചെയ്ത വ്യാജ പദ്ധതിയാണിതെന്നാണ് ഇറാന്റെ പ്രതികരണം.