ദി ഹണ്ട്രഡില്‍ സണ്‍റൈസേഴ് ലീഡ്‌സും ട്രെന്റ് റോക്കറ്റും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ട്രെന്റ് റോക്കറ്റ്‌സ് ആദ്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് റോക്കറ്റ്‌സ് നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് 77 പന്തില്‍ 117 റണ്‍സാണ് വിജയിക്കാന്‍ വേണ്ടത്.
അതേസമയം റോക്കറ്റ്‌സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ്. 47 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 64 റണ്‍സാണ് താരം നേടിയത്. 136.17 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.
ഇതോടെ ഒരു കിടിലന്‍ നേട്ടമാണ് താരം കൈക്കലാക്കിയത്. ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ഡക്കറ്റിന് സാധിച്ചത്. ഫില്‍ സാള്‍ട്ടിനെ മറികടന്നാണ് താരം നേട്ടത്തില്‍ ഒന്നാമനായത്. 43 ഇന്നിങ്‌സില്‍ നിന്ന് 1254 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. 92 റണ്‍സാണ് താരത്തിന്റെ ടോപ് സ്‌കോര്‍. എട്ട് അര്‍ധസെഞ്ച്വറികളാണ് താരം ടൂര്‍ണമെന്റില്‍ നിന്ന് ഇതുവരെ സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ സണ്‍റൈസേഴ്‌സിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ബ്രൈഡന്‍ കാഴ്‌സാണ്. രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. അബ്രാര്‍ അഹമ്മദ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Ben Duckett surpasses Phil Salt to become the highest run-scorer in The Hundred tournament