ആരാധകരും തെന്നിന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയും കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ ‘ബീസ്റ്റ്’. ചിത്രത്തിലെ ആദ്യ ഗാനമായ ‘അറബിക് കുത്ത്’ ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബില്‍ 100 മില്യണും കടന്ന് തരംഗമായിരിക്കുയാണ്. ഇതിനിടയില്‍ ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബീസ്റ്റിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 20 ന് ചെന്നൈയിലായിരിക്കും നടക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഡിയോ ലോഞ്ച് വലിയ പരിപാടിയായി നടത്താനാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ദളപതി ആരാധകരും ഇതിന്റെ ഭാഗമാകും, സംസ്ഥാനത്തുടനീളമുള്ള വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ക്ക് പരിപാടിയുടെ ടോക്കണുകള്‍ വിതരണം ചെയ്തു.

വിജയ്‌യുടെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് താരത്തിന്റെ ആ അവസരങ്ങളിലെ പ്രസംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ബീസ്റ്റിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. വിജയ്‌യെ നായകനാക്കി വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിലൊന്ന്. വിജയ്‌യും നാനിയും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും വംശി പെഡിപ്പള്ളി ചിത്രത്തിനുണ്ട്.

നാനി സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 2022ലെ ദീപാവലി റിലീസോ 2023ലെ പൊങ്കല്‍ റിലീസോ ആയി ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയിലും വിജയ് അഭിനയിക്കുുന്നുണ്ട്. 2023 പകുതിയോടെയായിരിക്കും ആറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.


Content Highlight: beast audio launch date declared