ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന അജിത് അഗാര്‍ക്കറുടെ പകരക്കാരനെക്കുറിച്ചുള്ള തീരുമാനം ഒക്ടോബര്‍ നാലിന് ശേഷമേ കൈക്കൊള്ളുകയുള്ളൂ എന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ.

അന്തിമ തീരുമാനത്തിലെത്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പക്കല്‍ ആവശ്യത്തിന് സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ നാലിനാണ് പുരുഷ ടീം ചീഫ് സെലക്ടറായുള്ള അഗാര്‍ക്കറുടെ കാലാവധി അവസാനിക്കുന്നത്. കരാര്‍ നീട്ടിനല്‍കണമെന്ന് അഗാര്‍ക്കര്‍ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പുതിയ ഒരു ചീഫ് സെലക്ടറെ കണ്ടെത്താനുള്ള മുന്നൊരുക്കത്തിലാണ് ബി.സി.സി.ഐ.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി തലവനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ത്ഥിവ് പട്ടേലിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍, ബി.സി.സി.ഐ ഇതുവരെ ഒരു തീരുമാനത്തിലും എത്തിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് സൈക്കിയ പറഞ്ഞു.

‘അജിത് അഗാര്‍ക്കറെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ 4ന് അവസാനിക്കുകയാണ്. ഒക്ടോബര്‍ നാല് വരെ ഞങ്ങള്‍ക്ക് ആവശ്യത്തിന് സമയമുണ്ട്. ഒക്ടോബര്‍ നാലിന് ശേഷം ഒഴിവുവരുന്ന ഈ പദവിയിലേക്ക് ആരെ നിയമിക്കണമെന്ന കാര്യം ഞങ്ങള്‍ തീരുമാനിക്കും. ബി.സി.സി.ഐ ഏതെങ്കിലും ഒരു തീരുമാനമെടുത്താല്‍ അത് തീര്‍ച്ചയായും പൊതുസമൂഹത്തെയും മാധ്യമങ്ങളെയും അറിയിക്കുന്നതായിരിക്കും,’ സൈക്കിയ പറഞ്ഞു.

അജിത് അ​ഗാർകർ

2023 ജൂലൈയിലാണ് അജിത് അഗാര്‍ക്കര്‍ സീനിയര്‍ പുരുഷ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവില്‍ ഇന്ത്യ തുടര്‍ച്ചയായി ടി-20 ലോകകപ്പ് കിരീടങ്ങളും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. സ്വന്തം മണ്ണില്‍ നടന്ന 2023 ഏകദിന ലോകകപ്പില്‍ പരാജയമറിയാതെ ഫൈനല്‍ വരെ മുന്നേറിയെങ്കിലും കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നപ്പോള്‍, അഗാര്‍ക്കറിന്റെ കാലത്ത് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനങ്ങള്‍ മോശമായി ബാധിക്കപ്പെട്ടു. 2024ല്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ 0-3 ന് നാണംകെട്ട തോല്‍വി ഇന്ത്യക്ക് നേരിടേണ്ടി വന്നു.

തുടര്‍ന്ന് 2025ല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ വെച്ച് 0-2 ന്റെ പരമ്പര വിജയം നേടി. കൂടാതെ ഓസ്‌ട്രേലിയയില്‍ നടന്ന 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യക്ക് നഷ്ടമായിരുന്നു.

വിടവാങ്ങലിന് മുന്നോടിയായി ചില വിവാദങ്ങളിലും അഗാര്‍ക്കര്‍ ഭാഗമായി. പി.ടി.ഐ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ രോഹിത് ശര്‍മയ്ക്ക് ബി.സി.സി.ഐ പരസ്യ പിന്തുണ നല്‍കിയതില്‍ അഗാര്‍ക്കര്‍ അസംതൃപ്തനായിരുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടതുണ്ടെന്ന് അഗാര്‍ക്കറും സെലക്ഷന്‍ കമ്മിറ്റിയും വിശ്വസിക്കുകയും ഈ തീരുമാനം മുന്‍ ഇന്ത്യന്‍ നായകനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രോഹിത് ഒരു പ്രമുഖ അഡ്മിനിസ്‌ട്രേറ്ററുമായി സംസാരിച്ചതിനെ തുടര്‍ന്ന് ബി.സി.സി.ഐ അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

പരിക്കേറ്റ കളിക്കാരെക്കുറിച്ചുള്ള നയപരമായ തീരുമാനങ്ങളിലും ഇന്ത്യ എ ഗെയിമുകളുടെ ഷെഡ്യൂളിങ്ങിലും അഗാര്‍ക്കറും സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവന്‍ വി.വി.എസ് ലക്ഷ്മണും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

 

Content Highlight: BCCI Secretary Devajit Saikia has shared crucial information regarding the search for a replacement for Ajit Agarkar.