പാകിസ്ഥാനെതിരെ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

ഈ പരമ്പരയില്‍ നിരാശാജനകമായ പ്രകടനമായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍താരം ബാബര്‍ അസം നടത്തിയത്. ഇപ്പോള്‍ ബാബറിന് ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ പാക് താരം ബാസിത് അലി. ബാബര്‍ അസം  വിവാഹം കഴിക്കണമെന്നാണ് ബാസിത് പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘ഒരു വിവാഹത്തെ പറ്റി ബാബര്‍ തന്റെ മാതാപിതാക്കളോട് സംസാരിക്കേണ്ട സമയമാണിത്. വിവാഹശേഷം അദ്ദേഹം വ്യത്യസ്തനായ ഒരു ബാറ്ററായി മാറും. പരാജയങ്ങള്‍ ഒരു താരത്തെ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. ബാബറിന്റെ മാതാപിതാക്കളോട് അവനെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവന്റെ ഒരു ചേട്ടനെന്ന പോലെ എനിക്കും അത് കാണണം. വിവാഹം കഴിക്കൂ ബാബര്‍ അസം,’ ബാസിത് അലി പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും 64 റണ്‍സ് മാത്രമാണ് ബാബറിന് നേടാന്‍ സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ അവസാന 16 ഇന്നിങ്‌സുകളില്‍ അര്‍ധസെഞ്ച്വറി നേടാന്‍ ബാബറിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ടെസ്റ്റ് ബാറ്റിങ് റാങ്കില്‍ ബാബര്‍ പടുത്തുയര്‍ത്തിയ ആധിപത്യം ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ നഷ്ടമാവുകയും ചെയ്തു. തോല്‍വിക്ക് പുറകെ റാങ്കിങ്ങിലേറ്റ കനത്ത പ്രഹരത്തില്‍ ബാബര്‍ 12ാം സ്ഥാനത്തേക്ക് കൂപ്പ് കുത്തുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ബാബര്‍ റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിന്നും പുറത്താകുന്നത്. റാങ്കിങ്ങില്‍ 712 റേറ്റിങ് പോയിന്റ് മാത്രമാണ് ബാബറിനുള്ളത്. ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ബാബര്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇനി പാകിസ്ഥാന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഉള്ളത്. ഒക്ടോബര്‍ ഏഴ് മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്.

 

Content Highlight: Basith Ali Talks About Babar Azam