വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഈ സിനിമ ആ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും തിരക്കഥ ഒരുക്കിയ സിനിമക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ജയ ജയ ജയ ജയ ഹേ സിനിമയുടെ സമയത്ത് തനിക്ക് ലഭിച്ച ഏറ്റവും വലിയ കോംപ്ലിമെന്റ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റേതായിരുന്നുവെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.

സിനിമ കണ്ട് ഒരുപാടാളുകള്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെന്നും എങ്കിലും ആമിര്‍ ഖാന്റെ കോംപ്ലിമെന്റില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും നടന്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ജയ ജയ ജയ ജയ ഹേ സിനിമയുടെ സമയത്ത് ആമിര്‍ സാര്‍ എനിക്കൊരു നല്ല കോംപ്ലിമെന്റ് തന്നിരുന്നു. ആ സിനിമക്ക് ശേഷം കിട്ടിയ പ്രധാനപ്പെട്ട ഒരു കോംപ്ലിമെന്റ് അദ്ദേഹത്തിന്റേതായിരുന്നു.

ജയ ജയ ജയ ജയ ഹേ സിനിമ കണ്ട് ഒരുപാട് ആളുകള്‍ അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കോംപ്ലിമെന്റെന്ന് പറയുന്നത് വേറെ തന്നെയല്ലേ. ചെറുപ്പകാലം മുതല്‍ നമ്മള്‍ക്ക് എല്ലാര്‍ക്കും ഇഷ്ടമുള്ള ഒരാളാണ് ആമിര്‍ ഖാന്‍. ഇപ്പോഴും അദ്ദേഹത്തോട് അതേ ഇഷ്ടമുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

അതേസമയം ബേസിലിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സൂക്ഷ്മദര്‍ശിനി. പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ഇത്. നസ്രിയയും ബേസിലും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നസ്രിയ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും എത്തിയത്.

Content Highlight: Basil Joseph Talks About Jaya Jaya Jaya Jaya Hey And Aamir Khan