ടൊവി ചേട്ടന്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു, വേറൊരു ലുക്കില്‍ നടന്ന് വരുന്നത് കണ്ടപ്പോള്‍ കിളി പോയി: മുഹമദ് സിനാന്‍
Malayalam Cinema
ടൊവി ചേട്ടന്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു, വേറൊരു ലുക്കില്‍ നടന്ന് വരുന്നത് കണ്ടപ്പോള്‍ കിളി പോയി: മുഹമദ് സിനാന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 4th August 2026, 10:33 pm

അടുത്ത കാലത്ത് പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച മലയാള സിനിമ എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. ജിത്തു മാധവന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സീ ഫൈവിലൂടെ ബാലന്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചപ്പോള്‍ വലിയ നിരൂപക പ്രശംസയാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.

ബാലന്‍ ദി ബോയ്. Photo: The Hindu

ടൊവിനോ തോമസിനും ജീന്‍ പോള്‍ ലാലിനും പുറമെ പുതുമുഖങ്ങളായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടത്. അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കലും കുട്ടിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ആദിശേഷും കൗമാരക്കാരനായ കുട്ടിയായി വേഷമിട്ട മുഹമദ് സിനാനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. മുഹമദ് സിനാനും ടൊവിനോ തോമസും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

സിനിമയില്‍ അഭിനയക്കാനെത്തിയപ്പോള്‍ ടൊവിനോ തോമസ് ചിത്രത്തിലുള്ള വിവരം അറിയില്ലായിരുന്നുവെന്നും പിന്നീട് താരത്തെ കണ്ടപ്പോള്‍ ഞെട്ടിയെന്നും പറയുന്ന മുഹമദ് സിനാന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിനാന്‍.

ബാലന്‍ ദി ബോയ്. Photo: ZEE5

താന്‍ ചിത്രത്തിലഭിനയിക്കാന്‍ പോകുമ്പോള്‍ ടൊവിനോ ഈ പടത്തിലുണ്ടെന്ന് കാര്യം അറിയില്ലായിരുന്നുവെന്ന് പറയുകയാണ് സിനാന്‍. അദ്ദേഹത്തെ കാണുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് അദ്ദേഹം ചിത്രത്തിലുള്ള കാര്യം തന്നോട് പറയുന്നതെന്നും ആദ്യം കേട്ടപ്പോള്‍ വിശ്വസിച്ചില്ലെങ്കിലും സെറ്റില്‍ മറ്റൊരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ വേറൊരു ലുക്കില്‍ ടൊവി ചേട്ടന്‍ നടന്ന് വരുന്നതാണ് കണ്ടതെന്നും താരം പറഞ്ഞു. അത് കണ്ടപ്പോള്‍ തന്നെ കിളി പോയെന്നും സിനാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Balan the Boy Fame Muhamed sinan talks about his experience of first meeting Tovino Thomas

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.