150 കോടിയില്‍ നിന്ന് ഏഴ് കോടിയിലേക്ക്, കംബാക്കിന് ശേഷം വല്ലാത്തൊരു ഗോ ബാക്കുമായി നിവിന്‍ പോളി
Malayalam Cinema
150 കോടിയില്‍ നിന്ന് ഏഴ് കോടിയിലേക്ക്, കംബാക്കിന് ശേഷം വല്ലാത്തൊരു ഗോ ബാക്കുമായി നിവിന്‍ പോളി
അമര്‍നാഥ് എം.
Thursday, 12th February 2026, 5:42 pm

കുടുംബപ്രേക്ഷകരുടെ പ്രിയതാരം നിവിന്‍ പോളിയുടെ ബോക്‌സ് ഓഫീസിലെ തിരിച്ചുവരവ് ആഘോഷിച്ച മാസമായിരുന്നു കഴിഞ്ഞുപോയത്. ഡിസംബര്‍ അവസാനവാരം തിയേറ്ററിലെത്തിയ സര്‍വ്വം മായ നാലാഴ്ചയോളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തിയിരുന്നു. 150 കോടിയായിരുന്നു ചിത്രം ആകെ നേടിയത്. നിവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി സര്‍വ്വം മായ മാറി.

എന്നാല്‍ സര്‍വ്വം മായയുടെ വിജയാഘോഷം മാറുന്നതിന് മുന്നേ താരത്തിന്റെ അടുത്ത ചിത്രവും പ്രദര്‍ശനത്തിനെത്തിയിരുന്നു. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ബേബി ഗേളിന് സര്‍വ്വം മായയുടെ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ തന്നെ ചിത്രം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്.

ഇതോടെ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷനും സിനിമാപേജുകള്‍ പുറത്തുവിട്ടു. വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് 7.2 കോടി മാത്രമാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ ബജറ്റ് എത്രയാണെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ബജറ്റ് എത്ര തന്നെയായാലും ചിത്രം ബോക്‌സ് ഓഫീസില്‍ ദുരന്തമായെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ നിന്ന് ആകെ 4.1 കോടിയാണ് ബേബി ഗേള്‍ നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്ന് 1.2 കോടി, ഓവര്‍സീസില്‍ നിന്ന് 1.9 കോടിയും ചിത്രം നേടി. ഈയടുത്ത് വന്നതില്‍ 10 കോടിക്ക് താഴെ ഫൈനല്‍ കളക്ഷന്‍ വന്ന സൂപ്പര്‍താര ചിത്രങ്ങളുടെ പട്ടികയില്‍ ബേബി ഗേളും ഇടംപിടിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ, വിനീത് ശ്രീനിവാസന്റെ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം കരം, ഫഹദിന്റെ ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളും 10 കോടി പോലും നേടാനാകാതെയാണ് കളംവിട്ടത്.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ മുന്‍ ചിത്രം 100 കോടിയിലേറെ നേടിയിട്ടും അടുത്ത സിനിമയില്‍ അതിന്റെ അഡ്വാന്റേജ് ഒരുതരത്തിലും മുതലെടുക്കാന്‍ നിവിന് സാധിക്കാത്തതും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. കംബാക്കിന് ശേഷം ഇത്രപെട്ടെന്ന് ഗോബാക്ക് ആയോ എന്നാണ് പലരും ചോദിക്കുന്നത്. സര്‍വ്വം മായക്ക് മുമ്പ് ഷൂട്ട് തീര്‍ന്ന ചിത്രമായിരുന്നു ബേബി ഗേള്‍.

ലിസ്റ്റിന്‍ സ്റ്റീഫന്‍- നിവിന്‍ പോളി കോമ്പയിലെ തുടര്‍ച്ചയായ മൂന്നാമത്തെ ഫ്‌ളോപ്പാണ് ബേബി ഗേള്‍. ഈ കൂട്ടുകെട്ടില്‍ മുമ്പ് വന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ബേബി ഗേളിന്റെ രണ്ടാം ദിനം തന്നെ നിവിന്‍- ലിസ്റ്റിന്‍ കോമ്പോ ട്രോളന്മാരുടെ ചര്‍ച്ചാവിഷയമായിരുന്നു. നിവിന്റേതായി ഇനി വരാനിരിക്കുന്ന പ്രൊജക്ടുകളെല്ലാം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നവയാണ്.

Content Highlight: Baby Girl movie final collection if just Seven crores

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം