അയോധ്യ ഫണ്ട് തട്ടിപ്പ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഒടുവിലത്തെ ഉദാഹരണം; മറുപടി പറയാന്‍ മോദി ബാധ്യസ്ഥന്‍: പിണറായി
Kerala
അയോധ്യ ഫണ്ട് തട്ടിപ്പ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഒടുവിലത്തെ ഉദാഹരണം; മറുപടി പറയാന്‍ മോദി ബാധ്യസ്ഥന്‍: പിണറായി
നിഷാന. വി.വി
Sunday, 28th June 2026, 12:31 pm

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭക്തരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളുടെ വിശ്വാസത്തെയും വൈകാരികതയേയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചൂഷണം ചെയ്തവര്‍ അതിന്റെ മറവില്‍ സംഘടിത സാമ്പത്തിക തട്ടിപ്പ് കൂടി നടത്തിയതായാണ് മനസിലാക്കേണ്ടതെന്നും സംഘപരിവാര്‍ സംഘടനകളുടെ ഉന്നതങ്ങളില്‍ ബന്ധമുള്ളവരാണ് ട്രസ്റ്റിമാരെന്നും അദ്ദേഹം പറഞ്ഞു.

‘അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്കുള്‍പ്പെടെ കാര്‍മ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ്. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ട്രസ്റ്റാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാക്കാന്‍ ട്രസ്റ്റിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും ബാധ്യതയുണ്ട്,’ പിണറായി പറഞ്ഞു.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ayodhya fund scam is the latest example that shows the true nature of Sangh Parivar politics; Modi is responsible for answering: Pinarayi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.