ദല്‍ഹിയില്‍ രാഹുലിന് പുതിയ റോള്‍; വെളിപ്പെടുത്തി അക്സര്‍
Cricket
ദല്‍ഹിയില്‍ രാഹുലിന് പുതിയ റോള്‍; വെളിപ്പെടുത്തി അക്സര്‍
ഫസീഹ പി.സി.
Monday, 23rd March 2026, 7:17 pm

ഐ.പി.എല്‍ 2026ല്‍ കെ.എല്‍ രാഹുല്‍ ഓപ്പണറാകുമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍. കഴിഞ്ഞ സീസണില്‍ ടീം കോമ്പിനേഷന്‍ കാരണമാണ് രാഹുലിനെ മിഡില്‍ ഓര്‍ഡറില്‍ കളിപ്പിച്ചതെന്ന് താരം പറഞ്ഞു.

ഓപ്പണിങ്ങില്‍ രാഹുല്‍ തിളങ്ങിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ കര്‍ണാടക ബാറ്റര്‍ ഈ സീസണില്‍ ഓപ്പണിങ്ങിലെത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രീ സീസണ്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അക്സര്‍ പട്ടേല്‍.

അക്‌സർ പട്ടേൽ. Photo: Delhi Capitals/x.com

‘ഞങ്ങളുടെ ടീം കോമ്പിനേഷന്‍ കാരണം കഴിഞ്ഞ വര്‍ഷം കെ. എല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിച്ചത്. ആ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്നത് ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാവുന്ന രണ്ട് വിദേശ താരങ്ങളായിരുന്നു. അവരെ മിഡില്‍ ഓര്‍ഡറിലേക്ക് മാറ്റിയാല്‍ എതിര്‍ ടീമുകള്‍ ഞങ്ങള്‍ക്ക് എതിരെ കൂടുതല്‍ സ്പിന്‍ ഉപയോഗിച്ചേനെ. അതാണ് രാഹുലിനെ താഴേയ്ക്ക് ഇറക്കിയത്.

ഓപ്പണിങ്ങില്‍ എന്നും രാഹുല്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ആ സ്ലോട്ടില്‍ ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. ടി – 20 ക്രിക്കറ്റില്‍ നല്ല തുടക്കം ലഭിച്ചാല്‍ പിന്നാലെ ബാറ്റിങ്ങിനെത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. അതിനാല്‍ അവന്‍ ഓപ്പണറായി എത്തും,’ അക്സര്‍ പട്ടേല്‍ പറഞ്ഞു.

കെ.എൽ രാഹുൽ. Photo: Tanuj/x.com

ഐ.പി.എല്‍ 2025ലാണ് രാഹുല്‍ ദല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്. സീസണില്‍ 13 മത്സരങ്ങളില്‍ കളിച്ച താരം മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 539 റണ്‍സ് നേടിയിരുന്നു. ഇതില്‍ നാല് തവണ വലം കൈയ്യന്‍ ബാറ്റര്‍ ഓപ്പണറായാണ് കളത്തിലെത്തിയത്. ഏഴ് മത്സരങ്ങളില്‍ നാലാം നമ്പറിലും രണ്ട് മത്സരങ്ങളിലും മൂന്നാം സ്ഥാനത്തുമാണ് 33 കാരന്‍ ബാറ്റ് ചെയ്തത്.

അതേസമയം, മാര്‍ച്ച് 28നാണ് ഐ.പി.എല്‍ 2026ന് ആരംഭിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെതിരെയാണ് ഈ സീസണിലെ ഡി.സിയുടെ ആദ്യ മത്സരം. ഏപ്രില്‍ ഒന്നിന് ഏകന ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

Content Highlight: Axar Patel revealed KL Rahul will be the opener of Delhi Capitals in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി