ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 223 റണ്‍സിന് പുറത്തായി ആതിഥേയര്‍. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ റണ്‍ഔട്ടായും ആരാധകരെ നിരാശരാക്കിയിരുന്നു. റണ്‍ഔട്ടില്‍ പുറത്തായതല്ല, പുറത്തായ രീതിയാണ് ആരാധകരെ നിരാശരാക്കുന്നത്.

19ാം ഓവറിലെ ആദ്യ പന്തിലാണ് അക്‌സര്‍ റണ്‍ഔട്ടാകുന്നത്. സ്‌ട്രൈക്കറും നോണ്‍ സ്‌ട്രൈക്കറും തമ്മിലുള്ള മിസ് കമ്യൂണിക്കേഷനാണ് റണ്‍ഔട്ടിന് വഴിയൊരുക്കിയത്.

ഷമര്‍ സ്പ്രിംഗറിന്റെ യോര്‍ക്കര്‍ ബാക്ക്‌വാര്‍ഡ് പോയിന്റിലേക്ക് അക്‌സര്‍ ഷോട്ട് കളിച്ചതിന് തൊട്ടുപിന്നാലെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ അര്‍ഷ്ദീപ് റണ്ണിനായി ഓട്ടം തുടങ്ങി. അക്‌സര്‍ ‘നോ’ എന്ന് പറഞ്ഞെങ്കിലും അര്‍ഷ്ദീപ് ഓട്ടം തുടര്‍ന്നു.

അര്‍ഷ്ദീപിനെ തിരികെ അയക്കാന്‍ അക്‌സറിന് സാധിക്കുമായിരുന്നെങ്കിലും അതിന് പകരം ഓടാന്‍ അക്‌സര്‍ തീരുമാനിക്കുകയായിരുന്നു.

കീമോ പോള്‍ പന്ത് കളക്ട് ചെയ്ത് സ്പ്രിംഗറിന് നല്‍കുമ്പോള്‍ താന്‍ റണ്‍ ഔട്ടാകുന്നതും അക്‌സറിന് കാണേണ്ടി വന്നു.

ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ പത്ത് തവണ റണ്‍ ഔട്ടാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ആഗ്രഹിക്കാത്ത നേട്ടവും അക്‌സറിന്റെ പേരില്‍ കുറിക്കപ്പെട്ടു.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ റണ്‍ഔട്ടാകുന്ന ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

അക്‌സര്‍ പട്ടേല്‍ – 10*

അര്‍ഷ്ദീപ് സിങ് – 6

ശിവം ദുബെ – 6

എം.എസ്. ധോണി – 6

വിരാട് കോഹ്‌ലി – 6

രോഹിത് ശര്‍മ – 6

14 പന്തില്‍ 20 റണ്‍സുമായാണ് അക്‌സര്‍ മടങ്ങിയത്.

30 പന്തില്‍ 69 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 230.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് അഭിഷേക് ബാറ്റ് വീശിയത്.

ഇഷാന്‍ കിഷന്‍ 18 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ തിലക് വര്‍മ 16 പന്തില്‍ 28 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 21 റണ്‍സും സ്വന്തമാക്കിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി റോസ്റ്റണ്‍ ചെയ്‌സ്, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുഡാകേഷ് മോട്ടിയും കീമോ പോളും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. അക്‌സറിന് പുറമെ തിലക് വര്‍മയും റണ്‍ ഔട്ടായാണ് മടങ്ങിയത്.

 

Content Highlight: Axar Patel becomes the first Indian player to be run out 10 times in T20Is.