നായകന്മാരെല്ലാം വില്ലന്മാരായേക്കാം, ഇതുവരെ കാണാത്ത കഥപറച്ചിലാകും ഡൂംസ്‌ഡേയെന്ന് ആരാധകര്‍
World Cinema
നായകന്മാരെല്ലാം വില്ലന്മാരായേക്കാം, ഇതുവരെ കാണാത്ത കഥപറച്ചിലാകും ഡൂംസ്‌ഡേയെന്ന് ആരാധകര്‍
അമര്‍നാഥ് എം.
Friday, 13th February 2026, 9:57 pm

ലോക സിനിമാചരിത്രത്തിലെ എല്ലാ കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഉറപ്പുള്ള ചിത്രമായാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ ഒരുങ്ങുന്നത്. മാര്‍വലിന്റെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായാണ് ഡൂംസ്‌ഡേ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ക്കിടയില്‍ ആവേശമുയര്‍ത്തുന്നുണ്ട്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ നാല് ടീസറുകളും സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായി മാറി. മാര്‍വലിലെയും എക്‌സ് മെന്‍ സീരീസിലെയും സൂപ്പര്‍ഹീറോകളെല്ലാം ഡൂംസ്‌ഡേയില്‍ അണിനിരക്കുന്നുണ്ട്. ആരാധകരുടെ പ്രിയ താരം റോബര്‍ട്ട് ഡൗണി ജൂനിയറും ഡൂംസ്‌ഡേയുടെ ഭാഗമാണ്. വില്ലനായി വേഷമിടുന്ന ആര്‍.ഡി.ജെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന് മാത്രമല്ല, മറ്റ് സൂപ്പര്‍ഹീറോകളെയും നെഗറ്റീവ് ഷെയ്ഡിലാകും ഡൂംസ്‌ഡേയില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രധാന വില്ലനെ നേരിടാനായി പ്രിയപ്പെട്ട ആരെയെങ്കിലും ത്യജിക്കേണ്ടി വരുമെന്നും ഇത് അവരിലെ നെഗറ്റീവ് ഷെയ്ഡിന് കാരണമായേക്കുമെന്നും മാര്‍വലിന്റെ ചില ഫാന്‍ തിയറികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

തിരിച്ചുവരവില്‍ ക്യാപ്റ്റന്‍ അമേരിക്കക്കും തോറിനും സംരക്ഷിക്കാനായി കുട്ടികളുണ്ടെന്നാണ് ഏറ്റവും വലിയ പ്രത്യേകത. എന്‍ഡ് ഗെയിമിന് ശേഷം സ്റ്റീവ് റോജേഴ്‌സ് ക്യാപ്റ്റന്‍ അമേരിക്കയായി തിരിച്ചെത്തുന്നു എന്നതും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഇവര്‍ക്കൊപ്പം എക്‌സ് മെനും ചിത്രത്തിന്റെ ഭാഗമാണ്.

തോര്‍, ക്യാപ്റ്റന്‍ അമേരിക്ക, ഹള്‍ക്ക്, ഫന്റാസ്റ്റിക് ഫോര്‍, നെമോര്‍, ലോക്കി, ആന്റ് മാന്‍, ഷാങ് ചി തുടങ്ങി സകല സൂപ്പര്‍ഹീറോകളും ഡൂംസ്‌ഡേയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാവരും ഒന്നിച്ചെത്തുന്ന മാര്‍വല്‍ എങ്ങനെ അവതരിപ്പിക്കുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. റൂസോ ബ്രദേഴ്‌സിന്റെ സ്‌ക്രിപ്റ്റും സംവിധാനവും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷകള്‍.

ഡിസംബര്‍ 18നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹോളിവുഡിലെ മറ്റൊരു ഹിറ്റ് ഫ്രാഞ്ചൈസിയായ ഡ്യൂണിന്റെ മൂന്നാം ഭാഗവും ഡൂംസ്‌ഡേയുമായി ക്ലാഷിനെത്തുന്നുണ്ട്. രണ്ട് വമ്പന്‍ സിനിമകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാണ്. ഹോളിവുഡ് സിനിമാപ്രേമികളെല്ലാം ഡിസംബറിനായി കാത്തിരിക്കുകയാണ്.

Content Highlight: Avengers Doomsday Fan theories viral now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം