ലഡാക്ക് സോജി ലാ പാസില്‍ ഹിമപാതം; മരണം ഏഴായി; നിരവധി വാഹനങ്ങള്‍ മഞ്ഞിനടിയില്‍; റിപ്പോര്‍ട്ട്
India
ലഡാക്ക് സോജി ലാ പാസില്‍ ഹിമപാതം; മരണം ഏഴായി; നിരവധി വാഹനങ്ങള്‍ മഞ്ഞിനടിയില്‍; റിപ്പോര്‍ട്ട്
അനിത സി
Friday, 27th March 2026, 8:47 pm

ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ സോജി ലാ പാസിന് സമീപത്തുണ്ടായ ഹിമപാതത്തില്‍ ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവരെല്ലാം കശ്മീര്‍ ലേ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ, അഞ്ചുപേര്‍ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രി മരണസംഖ്യ ഏഴായി ഉയര്‍ന്നെന്ന് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കനത്ത ഹിമപാതമുണ്ടായത്. സീറോ പോയിന്റിനും മിനി മാര്‍ഗിനുമിടയില്‍ ഒന്നിലേറെ ഹിമപാതങ്ങളുണ്ടായി. പലയിടത്തും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മഞ്ഞിനടിയില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

‘ശ്രീനഗര്‍-ലേ ഹൈവേയിലാണ് മഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. 15ഓളം വാഹനങ്ങള്‍ പൂര്‍ണമായും ഭാഗികമായും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്’, ലഡാക്ക് പ്രാദേശിക ഭരണകൂടം അറിയിച്ചു.

നിലവില്‍ പൊലീസും സൈന്യവും എസ്.ഡി.ആര്‍.എഫും ജില്ലാ ഭരണകൂടങ്ങളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സ്ഥിതിഗതികള്‍ വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്ന് ലഡാക്ക് എല്‍.ജി വി.കെ സക്‌സേന അറിയിച്ചു. കാര്‍ഗില്‍ കളക്ടറും എസ്.എസ്.പിയും ഉടന്‍ പ്രദേശം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയടക്കമുള്ള എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അതീവ ജാഗ്രതയില്‍ പ്രവര്‍ത്തനനിരതരായിരിക്കുകയാണെന്ന് സക്‌സേന എക്‌സിലൂടെ അറിയിച്ചു.

Content Highlight: Avalanche in Ladakh’s Zoji La Pass; Death toll rises to seven; Several vehicles buried under snow; Report

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.