മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തീപിടിക്കാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചത്. വിമാനത്തിന് തീപിടുത്തമുണ്ടായിരുന്നെങ്കില്‍ മരണ സംഖ്യയും കൂടുമായിരുന്നു. എന്നാല്‍ തീപിടുത്തമുണ്ടാകാതെ സഹായിച്ചത് അസ്ട്രിയന്‍ നിര്‍മിതമായ അഗ്നിശമനയന്ത്രം പാന്തറാണ്.

10 കോടി രൂപ മുടക്കി ഇറക്കുമതി ചെയ്ത അത്യാധുനിക അഗ്നി ശമന യന്ത്രങ്ങള് നാലെണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തിലുള്ളതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനം റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ തന്നെ ഫയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. വെള്ളിയാഴ്ച വിമാനം റണ്‍വേയുടെ മധ്യഭാഗത്ത് നിലം തൊട്ടപ്പോള്‍ തന്നെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനത്തെ പിന്തുടരാനുള്ള നിര്‍ദേശം അഗ്നി ശമന യൂണിറ്റുകള്‍ക്ക് നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.

വിമാന ഇന്ധനം അന്തരീക്ഷത്തില്‍ ബാഷ്പീകരിക്കുന്ന അളവ് അനുസരിച്ചാണ് വിമാനത്തില്‍ നിന്നും തീപിടിക്കാനുള്ള സാധ്യത. അഞ്ചു മുതല്‍ ഏഴ് ശതമാനം വരെ ബാഷ്പീകരണം നടന്നാല്‍ വിമാനത്തില്‍ നിന്നും തീപടരാം.

വെള്ളിയാഴ്ച അപകടസാധ്യതയോടെ വിമാനം റണ്‍വേ തൊട്ടപ്പോള്‍ തന്നെ ഫയര്‍ യൂണിറ്റിന്റെ പാന്തറുകള്‍ ഫിലിം ഫോമിംഗ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിയുകയായിരുന്നു.

പാന്തറില്‍ 10000 ലിറ്റര്‍ വെള്ളവും 1300 ലിറ്റര്‍ ഫോം കണ്ടന്റും ശേഖരിക്കാന്‍ കഴിയും. തകര്‍ന്ന വിമാനത്തിന്റെ ടാങ്കില്‍ നിന്നും ഇന്ധനം പുറത്തേക്കൊഴുകിയെങ്കിലും ഫോഗ് ഉപയോഗിച്ച് തീപിടുത്തത്തെ തടയുകയായിരുന്നു.

ഇതിനകത്ത് ശേഷമാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും വിമാനത്തിനകത്ത് കയറിയത്.

വെള്ളിയാഴ്ചയുണ്ടായ വിമാനാപകടത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചവരില്‍ പെടുന്നു. പലരും ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ