2026 ടി – 20 ലോകകപ്പ് തയ്യാറടുക്കുന്ന ഓസ്ട്രേലിയയ്ക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഓസ്ട്രേലിയന്‍ ടീം സെലക്ടര്‍ ടോണി ഡോഡെമൈഡാണ് ഈ വിവരം അറിയിച്ചത്.

പരിക്കേറ്റ ഹെയ്‌സല്‍വുഡ് സൂപ്പര്‍ ഐറ്റ് (സൂപ്പര്‍ 8) ഘട്ടത്തിലെങ്കിലും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പരിക്കില്‍ നിന്ന് മുക്തനാവാന്‍ താരത്തിന് കൂടുതല്‍ സമയം വേണമെന്ന് വ്യക്തമായതോടെയാണ് താരത്തെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്.

‘ലോകകപ്പ് സൂപ്പര്‍ എട്ട് ഘട്ടത്തില്‍ എത്തുമ്പോഴേക്കും ഹെയ്‌സല്‍വുഡ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പരിക്ക് ഭേദമാവാന്‍ ഇനിയും സമയം ആവശ്യമാണ്. താരത്തിന്റെ തിരിച്ചുവരവ് വേഗത്തിലാക്കുന്നത് അപകടകരമാണ്,’ ഡോഡെമൈഡ് പറഞ്ഞു.

ഹെയ്‌സല്‍വുഡിന് പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കില്ലെന്നും ഡോഡെമൈഡ് വ്യക്തമാക്കി. ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ ടീം സജ്ജമാണ്. അതിനാല്‍ തന്നെ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ആവശ്യമെങ്കില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഹെയ്സല്‍വുഡിന് ഹാംസ്ട്രിങ് ഇഞ്ചുറി നേരിട്ടിരുന്നു. ഈ പരിക്കില്‍ നിന്ന് മുക്തനാവുന്നതിനിടെ താരത്തിന് അക്കിലിസ് ഇഞ്ചുറിയും പിടിപ്പെട്ടു. ഇതോടെ പേസര്‍ക്ക് 2025 -26 ആഷസ് പരമ്പരയും നഷ്ടമായിരുന്നു.

ജോഷ് ഹെയ്‌സല്‍വുഡ്. Photo: Crictracker/x.com

ഹെയ്‌സല്‍വുഡ് പരിക്കില്‍ മുക്തമാവുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. അതിനാല്‍ തന്നെ ലോകകപ്പിലെ അവസാന ഘട്ടങ്ങളില്‍ കളിക്കാന്‍ താരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, താരം ലോകകപ്പിലുണ്ടാവില്ലെന്ന വാര്‍ത്ത ഓസ്ട്രേലിയന്‍ ടീമിന് വലിയ തിരിച്ചടിയാണ്.

പാറ്റ് കമ്മിൻസ്. Photo: Johns/x.com

നേരത്തെ, ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. പരിശീലനത്തിനിടെ ഏറ്റ പരിക്കാണ് താരത്തിന് വിനനായത്. ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ ടീമിന്റെ രണ്ട് പ്രധാന പേസര്‍മാര്‍ പുറത്തായത് കങ്കാരുക്കള്‍ക്ക് വലിയ ക്ഷീണമാണ്.

Content Highlight: Australian pacer Josh Hazelwood ruled out of 2026 T20 World Cup