അവസാന അഞ്ചില്‍ നാലിലും തോൽവി; മൈറ്റി ഓസീസിന് ടി - 20 ലോകകപ്പ് ബാലികേറാമലയോ?
Cricket
അവസാന അഞ്ചില്‍ നാലിലും തോൽവി; മൈറ്റി ഓസീസിന് ടി - 20 ലോകകപ്പ് ബാലികേറാമലയോ?
ഫസീഹ പി.സി.
Tuesday, 17th February 2026, 11:47 am

2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയിരുന്നു. പല്ലെക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ തോല്‍വി. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയുടെ സെഞ്ച്വറിക്ക് മുമ്പില്‍ മുന്‍ ചാമ്പ്യന്മാര്‍ അടിയറവ് പറയുകയായിരുന്നു.

ഇതോടെ ടി- 20 ലോകകപ്പില്‍ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലെ നാലാമത്തെ തോല്‍വിയാണ് കങ്കാരുപ്പട വഴങ്ങിയത്. കഴിഞ്ഞ ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഈ എഡിഷനില്‍ അവസാനം നടന്ന രണ്ടെണ്ണത്തിലും മുട്ടുമടക്കി. ഈ വര്‍ഷം ആദ്യ മത്സരത്തില്‍ മാത്രമാണ് ഓസീസ് ജയിച്ചത്.

ഓസ്‌ട്രേലിയൻ ടീം. Photo: Shebas/x.com

അഫ്ഗാനിസ്ഥനോടും തോറ്റാണ് 2024ലെ ലോകകപ്പ് ഓസീസ് അവസാനിപ്പിച്ചത്. എന്നാല്‍, 2026 ലോകകപ്പ് യാത്ര ഓസീസ് ആരംഭിച്ചത് അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയാണ്. പിന്നാലെയാണ് ടീം സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കും മുന്നിലെത്തിയത്. എന്നാല്‍, ഇതില്‍ രണ്ടും ടീമിന് തോറ്റ് മടങ്ങേണ്ടി വന്നു.

അതോടെയാണ് അവസാന അഞ്ചിലെ നാലാം തോല്‍വി ഓസീസ് ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ഈ തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ് ‘മൈറ്റി ഓസീസ്’. ഇനി ടീമിന് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടാന്‍ അവസാന മത്സരത്തില്‍ ജയിക്കുകയും സിംബാബ്‌വേയുടെ തോല്‍വിക്കായി കാത്തിരിക്കുകയും വേണം.

നിലവില്‍ ഓസീസ് ഗ്രൂപ്പ് ബി -യില്‍ ശ്രീലങ്കക്കും സിംബാബ്‌വേക്കും കീഴില്‍ മൂന്നാം സ്ഥാനത്താണ്. ടീമിന് രണ്ട് പോയിന്റും +0.414 നെറ്റ് റണ്‍ റേറ്റുമാണുള്ളത്. അടുത്ത മത്സരത്തില്‍ ജയിച്ചാല്‍ ടീമിന് നാല് പോയിന്റ് നേടാന്‍ സാധിക്കും. ഫെബ്രുവരി 20 നാണ് ഒമാനെതിരെയുള്ള ഈ മത്സരം.

ഓസ്‌ട്രേലിയൻ ടീം. Photo: Johns/x.com

സൂപ്പര്‍ 8ലേക്ക് യോഗ്യത നേടാന്‍ പിന്നീട് സിംബാബ്‌വേ ശേഷിക്കുന്ന ഇരു മത്സരങ്ങളിലും തോല്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഷെവറോണ്‍സ് ഇന്ന് (ഫെബ്രുവരി 17) അയര്‍ലാന്‍ഡിന് എതിരെയും ഫെബ്രുവരി 19ന് ശ്രീലങ്കയ്ക്ക് എതിരെയുമാണ് കളത്തിലെത്തുക. ഇതില്‍ രണ്ടിലും ടീം തോറ്റാല്‍ ഓസീസിനെ ഭാഗ്യം തുണക്കും.

പിന്നീട് അയര്‍ലാന്‍ഡിന് മാത്രമാണ് ഓസീസിന് ചെക്ക് വെക്കാന്‍ സാധിക്കുക. സിംബാബ്വെയെ തോല്‍പ്പിച്ചാല്‍ ടീമിനും ഓസീസിനെ പോലെ നാല് പോയിന്റ് നേടാന്‍ കഴിയും. അങ്ങനെയെങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാവും ഗ്രൂപ്പ് ബി – യിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കുക.

Content Highlight: Australia has lose 4 matches out of last 5 matches in T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി