ഒരിക്കല്‍ പിന്നിലായാല്‍ തിരിച്ചുവരാന്‍ ശരിക്കും ബുദ്ധിമുട്ടാണ്; ചരിത്ര തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പാറ്റ് കമ്മിന്‍സ്
Cricket
ഒരിക്കല്‍ പിന്നിലായാല്‍ തിരിച്ചുവരാന്‍ ശരിക്കും ബുദ്ധിമുട്ടാണ്; ചരിത്ര തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി പാറ്റ് കമ്മിന്‍സ്
ശ്രീരാഗ് പാറക്കല്‍
Sunday, 16th August 2026, 3:36 pm

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ചരിത്ര തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. തോല്‍വിയില്‍ ഒഴിവുകഴിവ് പറയാനില്ലെന്നും ബംഗ്ലാദേശ് നന്നായി കളിച്ചെന്നും കമ്മിന്‍സ് പറഞ്ഞു. എല്ലാ മേഖലയിലും ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ മറികടന്നെന്ന് കമ്മിന്‍സ് ചൂണ്ടിക്കാട്ടി. കൂടാതെ മത്സരത്തില്‍ ഒരിക്കല്‍ പിന്നിലായാല്‍ തിരിച്ചുവരാന്‍ ശരിക്കും ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ തയ്യാറെടുപ്പ് കൃത്യവും മികച്ചതായിരുന്നുവെന്ന് ഞാന്‍ കരുതി. പക്ഷെ ഇപ്പോള്‍ ഒഴികഴിവുകളൊന്നും പറയാനില്ല. അവര്‍ വളരെ നന്നായി കളിച്ചു. എല്ലാ മേഖലകളിലും അവര്‍ ഞങ്ങളെ മറികടന്നു. അവര്‍ ശരിക്കും ക്ഷമയുള്ളവരും അച്ചടക്കമുള്ളവരുമാണെന്ന് തോന്നി. ഒരിക്കല്‍ പിന്നിലായാല്‍ തിരിച്ചുവരാന്‍ ശരിക്കും ബുദ്ധിമുട്ടാണ്.

ഇതുപോലുള്ള ഒരു മത്സരം ഉണ്ടാകുമ്പോഴെല്ലാം, നിങ്ങള്‍ എപ്പോഴും നിങ്ങളുടെ മാച്ച്-അപ്പുകളും അടുത്ത മത്സരത്തിനുള്ള ടീമുമായുള്ള നിങ്ങളുടെ മേക്കപ്പും നോക്കാറുണ്ട്. മത്സരം കഴിഞ്ഞതല്ലേ ഉള്ളൂ, ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കും. ഞങ്ങള്‍ തിരിച്ചുവരവില്‍ വളരെ മിടുക്കരാണ്, അതിനാല്‍ ബാറ്റര്‍മാരും എല്ലാ ഗ്രൂപ്പും ഒത്തുചേര്‍ന്ന് നമുക്ക് എവിടെ മെച്ചപ്പെടാം എന്നതിനെക്കുറിച്ചും നന്നായി ചിന്തിക്കും,’ പാറ്റ് കമ്മിന്‍സ് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയിരിക്കുന്നത്. ഡാര്‍വിനില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ മണ്ണിലെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. ആദ്യ വിജയത്തിനൊപ്പം മറ്റൊരു ചരിത്രനേട്ടവും ബംഗ്ലാദേശ് തങ്ങളുടെ പേരിലാക്കി മാറ്റി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ബംഗ്ലാദേശ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. മാത്രമല്ല ടെസ്റ്റ് ചരിത്രത്തില്‍ ഓസീസിനെതിരായ ബംഗ്ലാദേശിന്റെ രണ്ടാം വിജയമാണിത്.

സ്‌കോര്‍

ഓസ്ട്രേലിയ: 198 & 284

ബംഗ്ലാദേശ്: 426 & 57/1 (T:57)

ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 1-0ന് മുമ്പിലാണ്.

ഓഗസ്റ്റ് 22നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗ്രേറ്റ് ബാരിയര്‍ റീഫാണ് വേദി.

ഓസ്‌ട്രേലിയക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ബംഗ്ലദേശിന് സാധിച്ചിട്ടില്ല. അതിനുള്ള സുവര്‍ണാവസരമാണ് കടുവകള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഓസീസിനെ സമനിലയില്‍ തളച്ചാലും ബംഗ്ലദേശിന് പരമ്പര സ്വന്തമാക്കാം.

Content Highlight: Aussie captain Pat Cummins has reacted following the historic defeat in the first Test match against Bangladesh

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ