ടെസ്റ്റ് ഫോര്‍മാറ്റില്‍ വെടിക്കെട്ടുമായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് കമ്മിന്‍സ് സിക്‌സറടിച്ച് കങ്കാരുക്കളെ മികച്ച സ്‌കോറിലെത്തിച്ച് ഡിക്ലയര്‍ ചെയ്തത്.

12 പന്ത് നേരിട്ട് നാല് സിക്‌സറടക്കം 32 റണ്‍സാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്വന്തമാക്കിയത്.

ഇതോടെ ഒരു ടെസ്റ്റ് മാച്ചില്‍ ചുരുങ്ങിയത് 30 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച മൂന്നാമത് സ്‌ട്രൈക് റേറ്റുള്ള താരമായും കമ്മിന്‍സ് മാറി.

ഒരു ടെസറ്റ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച സ്‌ട്രൈക് റേറ്റ് – ചുരുങ്ങിയത് 30 റണ്‍സ്

(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)

ഉമേഷ് യാദവ് – ഇന്ത്യ – സൗത്ത് ആഫ്രിക്ക – 31 (10) – 310.00

സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 31* (11) – 281.21

പാറ്റ് കമ്മിന്‍സ്- ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 32* (12) – 266.66

നിക്‌സണ്‍ മക്‌ലീന്‍ – വെസ്റ്റ് ഇന്‍ഡീസ് – സൗത്ത് ആഫ്രിക്ക – 31 (12) – 258.33

അബ്ദുര്‍ റസാഖ് – പാകിസ്ഥാന്‍ – സിംബാബ്‌വേ – 43 (17) – 252.94

മോയിന്‍ അലി – ഇംഗ്ലണ്ട് – ഇന്ത്യ – 43 (18) – 238.88

അതേസമയം, മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. 421 റണ്‍സാണ് ആതിഥേയരുടെ വിജയലക്ഷ്യം.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും കങ്കാരുക്കളുടെ ടോപ്പ് സ്‌കോറര്‍. 99 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 33 പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ ഓപ്പണര്‍ നിക് മാഡിന്‍സണ്‍ രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സുമായി രണ്ടാമത് മികച്ച റണ്‍ഗെറ്ററായി.

കമ്മിന്‍സിന് പുറമെ ബ്യൂ വെബ്സ്റ്റര്‍ (43 പന്തില്‍ 39), മാര്‍നസ് ലബുഷാന്‍ (58 പന്തില്‍ 37) എന്നിവരും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

അതേസമയം, വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയിലാണ്. റിയാന്‍ റിക്കല്‍ടണ്‍ (12 പന്തില്‍ 2). ഡേവിഡ് ബെഡ്ഡിങ്ഹാം (68 പന്തില്‍ 46), ക്യാപ്റ്റന്‍ തെംബ ബാവുമ (18 പന്തില്‍ 1), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് നഷ്ടപ്പെട്ടത്.

115 പന്തില്‍ 45 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 23 പന്തില്‍ അഞ്ച് റണ്‍സുമായി വിയാന്‍ മുള്‍ഡറുമാണ് ക്രീസില്‍.

മത്സരം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ 98 ഓവറില്‍ നിന്നും സൗത്ത് ആഫ്രിക്കയ്ക്ക് 319 റണ്‍സ് വേണം. ഓസ്‌ട്രേലിയയ്ക്കാകട്ടെ ആറ് വിക്കറ്റും. ഈ ആറ് വിക്കറ്റുകളും നഷ്ടപ്പെടാതെ പിടിച്ചുനിന്നാല്‍ മത്സരം സമനിലയിലെത്തിക്കാനും ആതിഥേയര്‍ക്ക് സാധിക്കും.

 

Content highlight: AUS vs SA: Pat Cummins scored 32* out of 12