2013 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാജാ റാണിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അറ്റ്ലീ. 2023 ല്‍ പുറത്തിറങ്ങിയ ജവാനില്‍ ഷാരൂഖ് ഖാനെ നായകനാക്കി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അറ്റ്ലീ ഇന്ന് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളാണ്. പുഷ്പക്ക് ശേഷം കരിയറില്‍ തിളങ്ങി നില്‍ക്കുന്ന അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന റാക്കയാണ് അറ്റ്ലീയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

അറ്റ്‌ലീ. Photo: Ott Play

പുഷ്പയ്ക്ക് ശേഷം അല്ലുവിന്റേതായി ഒരുങ്ങുന്ന ചിത്രത്തിനായി വലിയ കാത്തിരിപ്പിലാണ് സിനിമാലോകം. സംവിധാനത്തിന് പുറമെ നിര്‍മാതാവെന്ന നിലയിലും അറ്റ്‌ലീ സിനിമാ മേഖലയില്‍ സജീവമാണ്. അറ്റ്‌ലീയുടെ ഉടമസ്ഥതയിലുള്ള എ ഫോര്‍ ആപ്പിളിന്റെ ബാനറില്‍ നിര്‍മിച്ച ബത്ത അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. വലിയ നിരൂപക പ്രശംസയാണ് ലഭിക്കുന്നതെങ്കിലും ചിത്രത്തിന് തമിഴ്‌നാട്ടില്‍ വേണ്ടത്ര സ്‌ക്രീനുകള്‍ ലഭിച്ചിരുന്നില്ല. സ്ഥിരം പാറ്റേണില്‍ നിന്നും മാറി മാസ് മസാല എലമെന്റുകളില്ലാതെയെത്തിയ ചിത്രത്തിന്റെ കളക്ഷനെ ഇത് കാര്യമായി ബാധിച്ചിരിക്കുകയാണ്.

ബത്ത. Photo: X.com

ബത്തയുടെ ഭാഗമായി നടത്തിയ പ്രെസ് മീറ്റില്‍ സംസാരിക്കവെ താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അറ്റ്‌ലീ. വലിയ സ്‌കെയിലിലുള്ള ചിത്രങ്ങള്‍ മാത്രമല്ല ചെറിയ ചിത്രങ്ങളും തനിക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. ജവാന്‍ സിനിമ താന്‍ എഴുതിയത് തമിഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചെറിയ ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. എന്റെ ആദ്യ ചിത്രമായ രാജാറാണി പോലെയും സായ് അഭ്യങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഡ്യൂഡ് പോലെയും ഒരു സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഹിന്ദിയില്‍ സിനിമ ചെയ്യുന്നതും തമിഴില്‍ സിനിമ ചെയ്യുന്നതും തമ്മില്‍ എനിക്ക് ഒരു വ്യത്യാസവും തോന്നിയിട്ടില്ല. ജവാന്റെ ഡയലോഗുകളെല്ലാം ഞാന്‍ തമിഴില്‍ തന്നെയാണ് എഴുതിയത്. ഞാന്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ്. എനിക്ക് തമിഴില്‍ എഴുതാന്‍ മാത്രമേ അറിയുള്ളൂ. തമിഴില്‍ എഴുതുന്നതാണ് എനിക്ക് ഇഷ്ടം. അതാണ് എന്റെ ഒര്‍ജിന്‍,’ അറ്റ്‌ലീ പറഞ്ഞു.

Content Highlight: Atlee talks about his comfortable language to make film