മ്യാന്‍മര്‍ വിഷയത്തില്‍ അസം റൈഫിള്‍സും ആര്‍.എസ്.എസ് സംഘടനയും സംയുക്ത സമ്മേളനം നടത്തിയതായി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്
India
മ്യാന്‍മര്‍ വിഷയത്തില്‍ അസം റൈഫിള്‍സും ആര്‍.എസ്.എസ് സംഘടനയും സംയുക്ത സമ്മേളനം നടത്തിയതായി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്
റെന്വര്‍ പി
Sunday, 12th July 2026, 10:58 am

ഗുവാഹത്തി: അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സും ആര്‍.എസ്.എസ് സംഘടനയായ സീമാന്ത ചേതന മഞ്ച പൂര്‍വോത്തറും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്. കഴിഞ്ഞ മാസം 18ന് അസമിലെ ഗുവാഹത്തിയിലാണ് സെമിനാര്‍ നടന്നത്. ആര്‍.എസ്.എസ് നേതാവ് ജഗ്ദാംബ മാല്‍ അടക്കമുള്ളവര്‍ സെമിനാറില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തി പ്രശ്‌നങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. ആര്‍.എസ്.എസ് സംഘടനയായ സീമ ജാഗരണ്‍ മഞ്ചയുടെ ഓള്‍ ഇന്ത്യ കണ്‍വീനര്‍ മുരളീധര്‍ ഭിന്തയും സെമിനാറില്‍ പങ്കെടുത്തിരുന്നു. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ സഹ് പ്രചാര്‍ പ്രമുഖ് പ്രദീപ് ജോഷി, നാഗാലാന്‍ഡില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പ്രദീപ് ജോഷി എന്നിവരും സെമിനാറില്‍ പങ്കെടുത്തിരുന്നു.

മതംമാറ്റമുള്ളിടത്താണ് കലാപമുണ്ടാവുക എന്ന് ചടങ്ങില്‍ സംസാരിച്ച ജഗ്ദാംബ മാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തു. ‘എന്താണ് നാഗാലാന്‍ഡിലെ കലാപങ്ങള്‍ക്ക് പിറകില്‍? എവിടെ മതപരമായ മാറ്റമുണ്ടോ അവിടെ കലാപം നടക്കുകാണ്. എവിടെ മതപരമായ മാറ്റം ഇല്ലാതിരിക്കുന്നോ, അവിടെ മതംമാറ്റമില്ല, കലാപവുമില്ല,’ എന്നായിരുന്നു പരാമര്‍ശം.

നോര്‍ത്ത് ഈസ്റ്റിലെ ആദിവാസികള്‍ ആദ്യം ഹിന്ദുക്കളായിരുന്നെന്നും അവരെ ഇംഗ്ലീഷ് പഠിപ്പിച്ച് അഹിന്ദുക്കളാക്കി മാറ്റിയെന്നും ഇത് മിഷിനറികളാണ് കാര്യമായി ചെയ്തിരുന്നതെന്നും മാല്‍ ആരോപിച്ചു. മ്യാന്‍മര്‍ ഇന്ത്യയുടെ ഭാഗമാവണമെന്ന് ചടങ്ങില്‍ സംസാരിച്ച മുരളീധര്‍ ഭിന്ത അഭിപ്രായപ്പെട്ടു. മ്യാന്‍മര്‍ ദുര്‍ബലമാമെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാവണമെന്നും പക്ഷേ ഇപ്പോളവര്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നുമായിരുന്നു ഭിന്തയുടെ പ്രസ്താവന.

രണ്ട് ദിവസമായിരുന്നു സെമിനാര്‍. സായുധ സേനകളുടെ പ്രതിനിധികള്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍, സുരക്ഷാ വിദഗ്ധര്‍ എന്നിവര്‍ക്ക് പുറമെ ആര്‍.എസ്.എസ് സംഘടനകളുടെ പ്രതിനിധികളും സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു പ്രബന്ധങ്ങള്‍.

ഗുവാഹത്തിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തി രാജ് കാംപസില്‍ വച്ചായിരുന്നു സെമിനാര്‍. സീമാന്ത ചേതന മഞ്ച പൂര്‍വോത്തറിന് പുറമെ മൂന്ന് സര്‍വകലാശാലകളും സെമിനാറിന്റെ സഹ സംഘാടകരായിരുന്നു. മണിപൂര്‍ സര്‍വകലാശാല, അസമിലെ ദിബ്രുഗഡ് സര്‍വകലാശാല, അരുണാചല്‍ പ്രജേശിലെ രാജീവ് ഗാന്ധി സര്‍വകലാശാല എന്നിവയാണ് സഹ സംഘാടകര്‍.

ഇതാദ്യമായാണ് അസം റൈഫിള്‍സ് ഒരു ആര്‍.എസ്.എസ് സംഘടനയുമായി ചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍.എസ്.എസ് സംഘടനയുമായി ചേര്‍ന്ന് ഇത്തരമൊരു പരിപാടി നടത്താന്‍ അനുമതി നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ അസം റൈഫിള്‍സിന്റെയും പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെയും പ്രതികരണം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് വ്യക്തമാക്കി.

Content Highlight: Assam Rifles Co-hosts Seminar with RSS Affiliate on Myanmar and Northeast India- Reporters Collective Report

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.