മലയാളസിനിമയില്‍ ചരിത്രവിജയമായി മാറിയ ചിത്രമാണ് പ്രേമം. അഭിനയിച്ച എല്ലാ താരങ്ങളുടെയും തലവര മാറ്റിയ ചിത്രമായി പ്രേമം മാറി. റിലീസ് ചെയ്ത് 11ാം വര്‍ഷത്തിലേക്ക് എത്തുമ്പോഴും പ്രേമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇടക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായൊരു പോസ്റ്റാണ് സിനിമാപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചത്.
പ്രേമത്തില്‍ പലരുടെയും ശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൊന്നാണ് മലര്‍ മിസ്. സായ് പല്ലവി എന്ന നടിയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ കഥാപാത്രമായിരുന്നു ഇത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനിന്നത് മലര്‍ മിസ്സായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തിനായി സംവിധായകന്‍ ആദ്യം മനസില്‍ കണ്ടത് മറ്റൊരു നടിയെയായിരുന്നെന്നാണ് പോസ്റ്റില്‍.
ഒരുകാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനിന്ന അസിനെയായിരുന്നു ആദ്യം മലര്‍ മിസ്സായി കാസ്റ്റ് ചെയ്യാനിരുന്നത്. മലയാളം വിട്ട് അന്യഭാഷയിലേക്ക് ചേക്കേറിയ അസിന്‍ നിവിന്റെ പങ്കാളി റിന്നയുടെ സുഹൃത്തായിരുന്നു. ഈ ബന്ധം വെച്ച് അസിനെ വീണ്ടും മലയാളത്തിലെത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ അസിനെ കാസ്റ്റ് ചെയ്യാനായിട്ടില്ല.
തുടര്‍ന്നാണ് ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ സായ് പല്ലവിയെ കണ്ടുപിടിക്കുന്നത്. ഇപ്പോഴിതാ മലര്‍ മിസ്സായി അസിന്‍ വേഷമിട്ടിരുന്നെങ്കിലെന്ന് പറയുന്ന പോസ്റ്റ് വൈറലായിരക്കുകയാണ്. മലര്‍ മിസ്സായിട്ടുള്ള അസിന്റെ എ.ഐ ചിത്രങ്ങള്‍ പലരുടെയും ശ്രദ്ധ നേടുന്നുണ്ട്. പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായം പലരും പങ്കുവെക്കുകയാണ്.
പ്രേമം എ.ഐ ചിത്രങ്ങള്‍ Photo: Meghna Ravindran/ Facebook
സായ് പല്ലവിയെ കണ്ടപ്പോള്‍ ഫ്രഷ് ഫീലായിരുന്നെന്നും എന്നാല്‍ അസിന് ആ ഫ്രഷ്‌നസ്സ് കിട്ടില്ലെന്നാണ് പ്രധാന കമന്റ്. സായ് പല്ലവിയുടെ തമിഴ് ആക്‌സന്റും അസിന് ആവര്‍ത്തിക്കാനാകില്ലെന്നും കമന്റുണ്ട്. സായ് പല്ലവി ചെയ്തപ്പോള്‍ ലഭിച്ച റിയലിസ്റ്റിക് ഫീല്‍ അസിന് ലഭിക്കില്ലെന്നും മറ്റൊരു കമന്റുണ്ട്. സായ് പല്ലവി ഉണ്ടാക്കിയ ഓളം അസിന് ആവര്‍ത്തിക്കാനാകില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘ആ ഡാന്‍സൊന്നും അസിന് ചെയ്യാന്‍ പറ്റില്ല. അതിന്റെ സ്വാഗ് സായ് പല്ലവിക്ക് മാത്രമേ സാധിക്കുള്ളൂ’, ‘സംവിധായകന്‍ തീരുമാനിച്ചിട്ട് കാര്യമില്ലല്ലോ, ആ സമയത്ത് അസിന്‍ അഭിനയം നിര്‍ത്തിയല്ലോ’, ‘നിവിന്‍ പോളിയും അസിനും തമ്മിലുള്ള സീനുകള്‍ക്ക് നല്ല ഫീല്‍ ലഭിച്ചേനെ’, ‘മലയാളത്തിലേക്കുള്ള അസിന്റെ തിരിച്ചുവരവ് മിസ്സായി’ എന്നിങ്ങനെയും കമന്റുകളുണ്ട്.
Content Highlight: Asin’s AI images in Premam movie viral in Social Media