ഒരുപിടി മികച്ച ത്രില്ലര്‍ സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്. അദ്ദേഹം 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയത്തെ തുടര്‍ന്ന് 2021ല്‍ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് പുറത്ത് വന്ന റൂമറുകള്‍ ശരി വെച്ച് കൊണ്ട് സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു. ദൃശ്യം 3 ആലോചനയിലുണ്ടെന്നും, എത്രയും വേഗം ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നുമാണ് ജിത്തു ജോസഫ് പറഞ്ഞത്.

ഇപ്പോഴിതാ ദൃശ്യം 3 യില്‍ തനിക്കൊരു വേഷം വേണമെന്ന് സംവിധായകന്‍ ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ ആസിഫ് അലി.

മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

കൂമന്‍ സിനിമയില്‍ ആസിഫ് അവതരിപ്പിച്ച സി.പി.ഒ ഗിരീഷെന്ന കഥാപാത്രത്തെ കൊണ്ട് ജോര്‍ജ് കുട്ടി കേസ് നമുക്ക് അന്വേഷിപ്പിക്കാമെന്ന് താന്‍ കൂമന്റെ സംവിധായകന്‍ കൂടിയായ ജിത്തു ജോസഫിനോട് പറഞ്ഞെന്നും നല്ല വാര്‍ത്തക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൂമന്‍ ചിത്രത്തിനൊരു രണ്ടാം ഭാഗം വരുന്നുണ്ടോ എന്ന സദസില്‍ നിന്നൊരാളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ആസിഫ് ഇക്കാര്യം പറഞ്ഞത്.

‘ജിത്തുച്ചേട്ടന്‍ കൂമന്‍ 2 ആലോചിക്കുന്നുണ്ടെന്ന് ഒരിക്കല്‍ തമാശയായി എന്നോട് പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു ജോര്‍ജ് കുട്ടിയുടെ കേസ് അന്വേഷിക്കാന്‍ എനിക്കൊരു അവസരം തന്നൂടേ എന്ന്. ലെറ്റ്‌സ് ഹോപ് ഫോര്‍ ദി ബെസ്റ്റ്,’ ആസിഫ് പറഞ്ഞു.


മംമ്ത മോഹന്‍ ദാസ്, ആസിഫലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി പതിനേഴിന് തിയേറ്ററുകളിലെത്തും.

Content Highlight: Asif Ali says he wants to act in Drishyam 3