പശുവിനെ കടത്തിയെന്ന് ആരോപണം; രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന് ഹിന്ദുത്വവാദികള്‍
national news
പശുവിനെ കടത്തിയെന്ന് ആരോപണം; രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന് ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2023, 7:45 pm

ചണ്ഡീഗഡ്: ഹരിയാനയില്‍ മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ നിലയില്‍. ഹരിയാനയിലെ ലുഹാരു ജില്ലയിലാണ് സംഭവം. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ജുനൈദ്, നാസിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

നേരത്തെ ഇരുവരും പശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയിരുന്നതായി മക്തൂബ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ദിവസമായി ഇവരെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിലെ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു. ബജ്‌റംഗ്ദള്‍ നേതാവ് മോനു മനേസറാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വാഹനം കണ്ടെത്തിയതായി ഐ.ജി ഗൗരവ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പശുക്കടത്തുകാരായ രണ്ടുപേര്‍ സഞ്ചരിച്ച വാഹനം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Content Highlight: Two muslim youth set ablaze in haryana, family says bajrang dal killed them