ജീവിതത്തില്‍ ഒരിക്കലെങ്കിലും ‘ഷോ മാന്‍’മാരെ കാണാത്ത സ്ത്രീകള്‍ കേരളത്തില്‍ കുറവായിരിക്കും. ഷോ മാന്‍ എന്നത് ലൈംഗിക അതിക്രമി എന്നതിനേക്കാള്‍ ഒരു സാമൂഹ്യ പ്രശ്‌നമാണ്. സമൂഹത്തില്‍ മുഴുവന്‍ ബാധിച്ച ഒരു മനോരോഗത്തിന്റെ ഭാഗമാണ് ഷോമാന്‍. പൊതു സ്ഥലങ്ങളില്‍ തീരെ അപരിചിതരായ സ്ത്രീകളുടെ പോലും നെഞ്ചിലേക്കും നിതംബങ്ങളിലേക്കും അനാവശ്യമായി പാളി വീഴുന്ന നോട്ടങ്ങള്‍ മുതല്‍ പരസ്യസ്വയംഭോഗ/അവയവ പ്രദര്‍ശനങ്ങള്‍ വരെ ഉളള വിവിധ നിലകളിലുളള അവസ്ഥയിലൂടെ കടന്ന് പോകുന്ന ഒരു സാമൂഹ്യ പ്രശ്‌നമാണത്.
തീര്‍ച്ചയായും ഇതിലൊക്കെ അസ്വസ്ഥതപ്പെടുന്നതും ഇര സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടേണ്ടി വരുന്നതും മനോരോഗികളല്ല സ്ത്രീകളാണ്. ഇത് പലപ്പോഴും ആണുങ്ങള്‍ കാണുന്നതും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടാണ്. അല്ലാതെ തങ്ങളുടെ കൂട്ടത്തിന്റെ ചികിത്സ വേണ്ട രോഗമായല്ല. അതുകൊണ്ട് തന്നെ ഷോമാനെ സ്വതന്ത്രമായി വിട്ട് സ്ത്രീകള്‍ക്ക് നിബന്ധനകള്‍ കഠിനമാക്കാനാണ് പലപ്പോഴും ശ്രമിക്കുക.

ആരാണ് ഇത്തരം മനോരോഗികളെ സൃഷ്ടിക്കുന്നത്? വളരെ ചെറുപ്പം മുതല്‍ സ്ത്രീ ശരീരം ലൈംഗിക ഇടം മാത്രമാണെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സദാചാര മൂല്യവ്യവസ്ഥയാണ് ഇതില്‍ പ്രധാനം. നഴ്‌സറി സ്‌കൂള്‍ മുതല്‍ വേര്‍തിരിച്ച് ഇരുത്തി ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ യാതൊരു ബന്ധവും അനുവദിക്കാത്ത എതിര്‍ലിംഗത്തോടുളള ഏതൊരു ബന്ധവും ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്ന നമ്മുടെ വിദ്യാലയങ്ങളാണ് ഇത്തരം മനോവൈകല്യങ്ങളുടെ ഏറ്റവും വലിയ ഉത്പാദകര്‍.
