മലയാള സിനിമയിൽ നായകനായും പ്രതിനായകനായും സഹനടനായും തിളങ്ങിയിട്ടുള്ള അഭിനേതാവാണ് അരുൺ ചെറുകാവിൽ. പ്രധാന കഥാപാത്രങ്ങൾക്ക് പുറമേ, ക്യാരക്ടർ റോളുകളിലൂടെയും പൊലീസ് വേഷങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ആണ് അരുണിന്റെ അരങ്ങേറ്റ ചിത്രം.
കിരൺ ദാസ് സംവിധാനം ചെയ്ത്, ഷാഹി കബീർ തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ഉന്മാദം. ചിത്രത്തിൽ ഒരു പ്രധാന പൊലീസ് വേഷത്തിൽ അരുൺ ചെറുകാവിൽ എത്തുന്നുണ്ട്. ഇപ്പോൾ സിനിമയിലെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അരുൺ മനസ് തുറക്കുകയാണ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘മലയാള സിനിമയിൽ ക്യാരക്ടർ റോളുകൾ അല്ലെങ്കിൽ സപ്പോർട്ടിങ് റോളുകൾ ചെയ്യുന്ന നടന്മാർക്ക്, വേഷങ്ങൾ തിരസ്കരിക്കാനുള്ള ഒരു ഓപ്ഷൻ പലപ്പോഴും ഉണ്ടാകാറില്ല. സിനിമയിൽ അത്തരം തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നത് ചുരുക്കം ചില ആളുകൾക്ക് മാത്രമാണ്. അതിനാൽ ലഭിക്കുന്ന റോളുകളെ വ്യത്യസ്തമാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. നമുക്ക് കിട്ടിയ അവസരം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.
‘ഇങ്ങനെയുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ’ എന്ന് തീരുമാനിക്കാൻ പറ്റുന്ന ഒരു ആക്ടറാണ് ഞാൻ എന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ നമുക്ക് സാധിക്കില്ല. അത് ചുരുക്കം ചിലർക്ക് മാത്രമേ സാധിക്കൂ. അത് അവർ തങ്ങളുടെ കഠിനാധ്വാനം കൊണ്ട് എത്തിച്ചേർന്നിട്ടുള്ള ഒരു പൊസിഷനാണ്.
നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ മറ്റ് കഥാപാത്രങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കണം എന്നത് നമ്മളും സംവിധായകരും ഉൾപ്പെടുന്ന അണിയറപ്രവർത്തകരും ഒരുമിച്ച് വർക്ക് ചെയ്യുന്നതിന്റെ ഫലമായി സംഭവിക്കേണ്ടതാണ്. ഞാൻ മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഈ സിനിമയിലേത്, അരുൺ പറയുന്നു.
‘മലയാള സിനിമ തന്നെ വേണ്ടവിധം എക്സ്പ്ലോർ ചെയ്തിട്ടില്ല എന്ന തോന്നൽ ഉണ്ടോ’ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഇല്ല’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് തെറ്റായ കാര്യമാണെന്നും, അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണെന്നുമാണ് താൻ കരുതുന്നതെന്നും അരുൺ കൂട്ടിച്ചേർത്തു.
Content Highlight: Arun Cherukavil said supporting actors in Malayalam cinema had no option to reject roles