സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം 16ാം ഓവറില്‍ ഇന്ത്യ മറികടന്നിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. നാല് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലാണ് അര്‍ഷ്ദീപ് പ്രോട്ടിയാസിനെ എറിഞ്ഞിട്ടത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും അര്‍ഷ്ദീപിന് സാധിച്ചിരുന്നു.

ഇതോടെ ഒരു മിന്നും നേട്ടത്തിലേക്ക് കുതിക്കാനും സൂപ്പര്‍ പേസര്‍ക്ക് സാധിച്ചു. അന്താരാഷ്ട്ര ടി-20യില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാകാനും അര്‍ഷ്ദീപിന് സാധിച്ചു. ഈ ലിസ്റ്റില്‍ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയുമടക്കമുള്ള താരങ്ങള്‍ക്കൊപ്പമാണ് അര്‍ഷ്ദീപ്.

അന്താരാഷ്ട്ര ടി-20യില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കുന്ന താരം, എണ്ണം (ഇന്നിങ്‌സ്)

വിരാട് കോഹ്‌ലി – 3 (14)

അര്‍ഷ്ദീപ് സിങ് -2* (13)

തിലക് വര്‍മ – 2 (9)

സുരേഷ് റെയ്‌ന – 2 (12)

ദിനേശ് കാര്‍ത്തിക് – 2 (13)

രോഹിത് ശര്‍മ – 2 (18)

അതേസമയം ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശിവം ദുബെയും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തില്‍ 18 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. മൂന്ന് സിക്‌സറും അത്ര തന്നെ ഫോറുമായി 194.44 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

പരമ്പരയിലെ നാലാമത്തെ മത്സരം ഡിസംബര്‍ 17ന് എകാന ക്രിക്കറ്റ് സ്റ്റേഡയത്തിലാണ് നടക്കുക. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. അടുത്ത മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Content Highlight: Arshdeep Singh In Great Record Achievement