2026 ഫിഫ ലോകകപ്പ് സ്വന്തമാക്കി സ്പെയ്ന്‍. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ന്‍ അര്‍ജന്റീനയെ വീഴ്ത്തി നേടിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം.
മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്നും നിക്കോ വില്യംസ് നല്‍കിയ ഒരു തകര്‍പ്പന്‍ ഹെഡര്‍ പാസില്‍ നിന്നും ടോറസ് ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തില്‍ ബോള്‍ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും അര്‍ജന്റീനക്കെതിരെ സ്പാനിഷ് പടയുടെ സര്‍വാധിപത്യമായിരുന്നു. 68 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ സ്പെയ്ന്‍ 20 ഷോട്ടുകളാണ് അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതില്‍ 11 ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.
മറുഭാഗത്ത് അര്‍ജന്റീനമത്സരത്തില്‍ നിരാശപ്പെടുത്തി. ഒറ്റ ഷോട്ട് പോലും സ്പെയ്നിന്റെ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചില്ല. മത്സരത്തിന്റെ 90 മിനിട്ടില്‍ അര്‍ജന്റീന ഒരു ഷോട്ട് പോലും എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തില്ല. ഇതോടെ ലോകകപ്പില്‍ ഒരു ടീമും ആഗ്രഹിക്കാത്ത ഒരു വമ്പന്‍ നാണക്കേടിന്റെ റെക്കോഡാണ് അര്‍ജന്റീനയെ തേടിയെത്തിയത്.
ലോകകപ്പില്‍ ഫൈനലില്‍ 90 മിനിട്ടില്‍ ഒരു ഷോട്ട് പോലും നേടാനാവാത്ത ടീമെന്ന നിര്‍ഭാഗ്യ നേട്ടമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. 120 മിനിട്ട് വരെയുള്ള കണക്കുകള്‍ പ്രകാരം മൂന്ന് ഷോട്ടുകളാണ് അര്‍ജന്റീന സ്‌പെയ്ന്‍ പോസ്റ്റിലേക്ക് ഉന്നം വെച്ചത്.
അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് പോലും മത്സരത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച മെസി ഫൈനലില്‍ തന്റെ പ്രതിഭ പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി എത്തിയ മെസി ഫൈനലില്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല.
തുടക്കം മുതല്‍ അവസാനം വരെ സ്പാനിഷ് പ്രതിരോധം മികച്ചുനിന്നപ്പോള്‍ അര്‍ജന്റീന മുന്നേറ്റനിര പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ മധ്യനിര പൂര്‍ണമായും സ്‌പെയ്ന്‍ അടക്കി ഭരിക്കുകയായിരുന്നു.
അതേസമയം മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി. എക്സ്ട്രാ ടൈമില്‍ 10 പെരുമായാണ് അര്‍ജന്റീന മത്സരം പൂര്‍ത്തിയാക്കിയത്.
ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്പെയ്നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.
Content Highlight: Argentina team create a unwanted record in world cup history