ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ട്രെയിലര്‍ ഡിസംബര്‍ 24 ന് ആറ് മണിക്ക് പുറത്ത് വിടും. എ.ആര്‍. റഹ്മാന്‍ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. യോദ്ധായ്ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1992 ല്‍ പുറത്തിറങ്ങിയ ‘യോദ്ധാ’യ്ക്ക് ശേഷം റഹ്മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടില്ല.

പൃഥിരാജിനെ നായികനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിലും റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടിലും’ റഹ്മാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞിന്റെ രചനയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തില്‍ രജിഷ വിജയനാണ് നായികയായി എത്തുന്നത്. ഇവര്‍ക്ക് പുറമെ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ദീപക് പരമ്പോല്‍ എന്നിവരും ചിത്രത്തില്‍ അണിനിരകുന്നുണ്ട്.


Content Highlight: ar rahman shares the poster of malayankunju