ആപ്പിള്‍ ഐഫോണ്‍, ഐ പാഡ് എന്നിവയില്‍ കമ്പനിക്ക് സംഭവിച്ച ഗുരുതര സുരക്ഷാ വീഴ്ച്ച മുതലാക്കി ഹാക്കിങ്ങ്. ഇതിനെത്തുടര്‍ന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. യു.എ.ഇയിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂറിന്റെ ഐ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത്.

ആപ്പിള്‍ കമ്പനി പോലും അറിയാത്ത മൂന്ന് വീഴ്ച്ചകളാണ് ഹാക്കിങ്ങിന് സഹായകമായത്. ഒരു വെബ് ലിങ്ക് ക്ലിക്ക് ചെയ്യാന്‍ പറഞ്ഞുള്ള സന്ദേശം അയച്ചാണ് ഹാക്കിങ്ങ് നടത്തുന്നത്. ഈ ലിങ്കിലേക്ക് കടന്നാല്‍ ഹാക്കിങ്ങിന് സഹായകമായ ഒരു ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക് ആയിട്ട് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രക്രിയയാണിത്.

ഇതുമൂലം ഐഫോണ്‍ ഉപയോഗിക്കുന്നയാളുടെ ഫോണിലടങ്ങിയ എല്ലാ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും. സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് എത്രയും പെട്ടെന്ന് ഐഫോണ്‍, ഐ പാഡ് ഉപയോക്താക്കള്‍ പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.

അപ്‌ഡേറ്റ് ചെയ്യാന്‍ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ തന്നെയുള്ള സെറ്റിങ്‌സില്‍ നിന്നും അപ്‌ഡേഷന്‍ ലഭ്യമാകും. സെറ്റിങ്‌സ് തുറന്ന് ജനറല്‍ എന്ന വിഭാഗത്തില്‍ നിന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ ക്ലിക്ക് ചെയ്ത് ഐ.ഒ.എസ് 9.3.5 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് ഹാക്കിങ്ങിന് സഹായകമായ മൂന്ന് വീഴ്ച്ചകളും  പരിഹരിച്ച് പുറത്തിറക്കിയ വേര്‍ഷനാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.