മുംബൈ: കഴിഞ്ഞ കുറച്ചുനാളായി ബോളിവുഡില്‍ കായിക താരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് പതിവാണ്. മില്‍ഖാ സിംഗിന്റെയും മേരികോമിന്റെയും സച്ചിന്റെയും ധോണിയുടെയുമെല്ലാം കഥ പറഞ്ഞ സിനിമകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

മിതാലി രാജ്, സൈന നെഹ്‌വാള്‍ തുടങ്ങിയവരുടെ ജീവിതം പറയുന്ന സിനിമകളും ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു ഇതിഹാസ താരത്തിന്റെ ജീവിതം കൂടി സിനിമയാകുകയാണ്.

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരമായിരുന്ന ജൂലന്‍ ഗോസ്വാമിയുടെ ജീവചരിത്രമാണ് സിനിമയാകാന്‍ ഒരുങ്ങുന്നത് ‘ചക്ദാ എക്സപ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേസിത് റോയ് ആണ്.

ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് ജൂലന്‍ ഗോസ്വാമിയായി വെള്ളിത്തിരയില്‍ എത്തുന്നത്. അനുഷ്‌ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് അറിയിച്ച് വീഡിയോയും അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് അനുഷ്‌ക ശര്‍മ എത്തുന്ന സിനിമയാണ്
‘ചക്ദാ എക്സപ്രസ്’ ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

Anushka Sharma to become a cricketer’; Another biopic from Bollywood