ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തൂത്തുവാരുമെന്ന് ആരാധകര്‍ വിശ്വസിക്കുന്ന പ്രൊജക്ടാണ് പേട്രിയറ്റ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് സിനിമാലോകത്ത് സൃഷ്ടിച്ചത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും പേട്രിയറ്റിനുണ്ട്.
വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം ഏപ്രില്‍ 23ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഏപ്രിലില്‍ ദൃശ്യം 3യുടെ റിലീസ് പേട്രിയറ്റിന് വെല്ലുവിളിയാകുമെന്ന് വിചാരിച്ചെങ്കിലും ദൃശ്യം 3 റിലീസ് മാറ്റിയതില്‍ ആരാധകര്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പേട്രിയറ്റും റിലീസ് മാറ്റിവെച്ചെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
ആന്റോ ജോസഫ് Photo: Anto Joseph/ Facebook
നിര്‍മാതാവ് ആന്റോ ജോസഫാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഏറ്റവും മികച്ച നിലവാരത്തില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആന്റോ തന്റെ പോസ്റ്റ് ആരംഭിച്ചത്. എന്നാല്‍ നിനച്ചിരിക്കാതെ വന്ന ചില സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഏപ്രില്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ സാധിക്കില്ലെന്നും ആന്റോ കൂട്ടിച്ചേര്‍ത്തു.
പുതിയ റിലീസ് ഡേറ്റ് നാളെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞുകൊണ്ടാണ് ആന്റോ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ഏപ്രിലില്‍ സിനിമാപ്രേമികള്‍ വലിയ ഹൈപ്പില്‍ കാത്തിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. ബോക്‌സ് ഓഫീസില്‍ മിനിമം 200 കോടിയെങ്കിലും ചിത്രം നേടാന്‍ സാധ്യതയുള്ള ചിത്രമായാണ് പേട്രിയറ്റിനെ പലരും കണക്കാക്കുന്നത്.
ആന്റോ ജോസഫ് Photo: Anto Joseph/ Facebook
കരിയറില്‍ ഇതുവരെ 100 കോടി ക്ലബ്ബിലെത്താന്‍ സാധിക്കാത്ത മമ്മൂട്ടിയുടെ ആദ്യ 100 കോടി ക്ലബ് ചിത്രമായി പേട്രിയറ്റ് മാറുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് മാറ്റിയതോടെ 100 കോടിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. തിയേറ്ററുകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന ആട് 3 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതോടെയാണ് മമ്മൂട്ടിയുടെ 100 കോടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.
മുമ്പ് പലതവണ 100 കോടിയുടെ പടിവാതിലില്‍ വരെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എത്തിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വം 84 കോടിയോളം നേടിയ സമയത്തായിരുന്നു ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. കണ്ണൂര്‍ സക്വാഡ്, കളങ്കാവല്‍ എന്നീ ചിത്രങ്ങളും 86 കോടി വരെയെത്തി കളക്ഷന്‍ അവസാനിച്ചു. പേട്രിയറ്റിലൂടെ 100 കോടിയെന്ന റെക്കോഡ് മമ്മൂട്ടി രാജകീയമായി സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ.
വന്‍ ബജറ്റിലൊരുങ്ങിയ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
Content Highlight: Anto Joseph announces that Patriot movie postponed