നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് അനൂപ് മേനോന്‍. മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

പിന്നീട് കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ കരിയര്‍ ആരംഭിച്ചു. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസനെ കുറിച്ച് പറയുകയാണ് നടന്‍. ധ്യാന്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത സിനിമയില്‍ അനൂപ് മേനോന്‍ അഭിനയിച്ചിരുന്നു.

‘ധ്യാന്‍ അസിസ്റ്റന്റ് ഡയറക്ടറായ സമയത്തെ കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഒരു സിനിമയുടെ ഷൂട്ടിന്റെ സമയത്ത് നമുക്ക് ഏറ്റവും സിംപതി തോന്നേണ്ടത് അസിസ്റ്റന്റ് ഡയറക്ടറോടാണല്ലോ.

കാരണം ഷൂട്ടിങ്ങിന്റെ ഇടയില്‍ എല്ലാവരുടെയും ചീത്തവിളി ആ പാവങ്ങള്‍ക്കാണ് കിട്ടുക. അവിടെയൊക്കെ ഓടി നടക്കുകയും വേണം. സെറ്റില്‍ കുഴപ്പം പിടിച്ച ആക്ടറുണ്ടെങ്കില്‍ അയാളും ഈ അസിസ്റ്റന്റിനെ ചീത്തവിളിക്കും.

ഒരു കാര്യവും ഇല്ലാതെയാകും അയാള്‍ മറ്റുള്ളവരുടെ വായില്‍ നിന്ന് ഓരോന്നും കേള്‍ക്കുന്നത്. പക്ഷെ ധ്യാനിനെ മാത്രം അതില്‍ നിന്ന് ഒഴിവാക്കി മാറ്റിനിര്‍ത്തേണ്ട അവസ്ഥയാണ്. അവനോട് സഹതാപം തോന്നേണ്ട കാര്യമില്ലായിരുന്നു.

കാരണം സെറ്റില്‍ ഞാന്‍ വന്നതിന് ശേഷമാണ് പലപ്പോഴും അവന്‍ വരുന്നത്. സത്യമാണ് ഞാന്‍ പറഞ്ഞത് (ചിരി). ഞാന്‍ വന്ന് കഴിഞ്ഞ ശേഷം മാത്രമാണ് ധ്യാന്‍ സെറ്റില്‍ വരുന്നത്. ഡയറക്ടര്‍ അവനെ ചോദിക്കുന്നതിന്റെ ശബ്ദം എനിക്ക് ഇപ്പുറത്ത് കേള്‍ക്കാമായിരുന്നു.

അവന്‍ വന്നുവെന്ന് കേട്ടാല്‍ ഉടനെ ‘ആഹ്, അനൂപേട്ടാ’ എന്ന് ചോദിച്ച് വരുന്നതും കാണാം. പിന്നെ ഉച്ചയാകുമ്പോള്‍ അവന്‍ ഊണ് കഴിക്കുന്നതിന് മുമ്പ് എന്തോ ഒരു ദ്രാവകത്തിന് വേണ്ടി പോകുന്നതും കാണാം (ചിരി),’ അനൂപ് മേനോന്‍ പറയുന്നു.

അഭിമുഖത്തില്‍ അനൂപ് മേനോനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസനും സംസാരിച്ചു. താന്‍ ആദ്യമായി കാണുന്ന സൂപ്പര്‍സ്റ്റാര്‍ അനൂപ് മേനോന്‍ ആണെന്നാണ് ധ്യാന്‍ പറയുന്നത്. അന്ന് അനൂപ് മേനോന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്നുവെന്നും അത്രയും തിരക്ക് പിടിച്ച് നില്‍ക്കുന്ന സമയത്താണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ വരുന്നതെന്നും ധ്യാന്‍ പറഞ്ഞു.

Content Highlight: Anoop Menon Talks About Dhyan Sreenivasan