മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അന്ന ബെന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡിയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. കല്‍ക്കിയില്‍ കൈറയെന്ന കഥാപാത്രമായാണ് അന്ന ബെന്‍ എത്തിയത്. പ്രഭാസിനും അന്ന ബെന്നിനും പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, വിജയ് ദേവരകൊണ്ട, ബ്രഹ്‌മാനന്ദം, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിച്ചിരുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കിയില്‍ തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെന്‍.

‘ഇങ്ങനെയൊരു യൂണിവേഴ്‌സിന്റെ ഭാഗമാവുക എന്നത് വളരെ അപൂര്‍വമായി കിട്ടുന്ന അവസരമാണ്. പൂര്‍ണമായും സി.ജി.ഐയായ ഒരു ഫിക്ഷണല്‍ വേള്‍ഡ് കിട്ടുക എന്നത് വലിയ കാര്യമാണ്. അതും ഇത്രയും ആളുകളുമായി കൊളാബ്രേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു സിനിമയില്‍ അവസരം കിട്ടുക എന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന കാര്യമാണ്. അത് ഇനിയും കിട്ടുക എന്നത് അഹങ്കാരമാകും (ചിരി).

കല്‍ക്കി തന്നെ കിട്ടിയത് എന്തോ ഭാഗ്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ വളരെ ഇന്‍ട്രസ്റ്റിങ്ങായ ഒരു പ്രോസസായിരുന്നു കല്‍ക്കി. സംവിധായകന്‍ ഈ കഥ പറയുമ്പോഴും ഇത്രയും വലിയ സിനിമ ആണെന്നോ ഇത്ര വലിയ യൂണിവേഴ്‌സാണെന്നോ പറഞ്ഞിരുന്നില്ല. ചിലപ്പോള്‍ എന്നെ പറഞ്ഞ് പേടിപ്പിക്കേണ്ട എന്ന് കരുതിയാകും. ഞാന്‍ ടെന്‍ഷനടിച്ച് ഇല്ലെന്ന് പറയുമോ എന്നോര്‍ത്താണോ എന്നറിയില്ല.

ഇങ്ങനെയൊരു സാധനമുണ്ട്, ഫിക്ഷനാണ്. ഈ ആക്ടേഴ്‌സൊക്കെ ഉണ്ടാകും. അതിലൊരു കഥാപാത്രമാണ് തനിക്ക്. ആള്‍ക്ക് പേഴ്‌സണലി ഇഷ്ടമുള്ള കഥാപാത്രമാണ് കൈറ എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. അത് മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളു. ഇതിലെ മറ്റ് കഥകളൊന്നും എനിക്ക് അറിയില്ലായിരുന്നു. കാമിയോസിനെ കുറിച്ചും അറിവ് ഇല്ലായിരുന്നു. സിനിമ കാണുന്നത് വരെ കാമിയോസിനെ കുറിച്ച് അറിയില്ല,’ അന്ന ബെന്‍ പറഞ്ഞു.


Content Highlight: Anna Ben Talks About Nag Ashwin And Kalki 2898 AD